വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷനേടാനായി കെട്ടിടത്തിന് മുകളില്‍ കയറി; ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞത് 3 ദിവസം; ഒടുവില്‍ മധ്യവയസ്‌കന് രക്ഷകരായത് പോലീസ്

കോഴിക്കോട് കുന്നമംഗലം നെല്ലിക്കോട്ട് വിനോദനെ (60) യാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ പോലീസ് സംഘം കണ്ടെത്തിയത്

കണ്ണൂര്‍ : വെള്ളം കയറി ടൗണ്‍ മുങ്ങിയതോടെ മൂന്നുദിവസത്തോളം ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിന് മുകളില്‍ കഴിയേണ്ടി വന്നയാളെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ശ്രീകണ്ഠാപുരത്താണ് സംഭവം. കോഴിക്കോട് കുന്നമംഗലം നെല്ലിക്കോട്ട് വിനോദനെ (60) യാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ പോലീസ് സംഘം കണ്ടെത്തിയത്.

ശ്രീകണ്ഠാപുരത്ത് കൂലിപ്പണിക്കായി എത്തിയതായിരുന്നു വിനോദന്‍. മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നായിരുന്നു ഇയാള്‍ ഭക്ഷണം കഴിച്ചിരുന്നത്. കനത്തമഴയില്‍ ശ്രീകണ്ഠാപുരം ടൗണ്‍ ഒന്നടങ്കം വെള്ളത്തില്‍ മുങ്ങിയതോടെ രക്ഷപ്പെടാന്‍ മറ്റ് വഴികളൊന്നുമില്ലാത്തതിനാല്‍ ക്ഷേത്രത്തിനു സമീപം പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളില്‍ കയറുകയായിരുന്നു.

മൂന്ന് ദിവസത്തോളമാണ് വിനോദന്‍ ഭക്ഷണം പോലുമില്ലാതെ ഇവിടെ കഴിച്ചുകൂട്ടിയത്. വെള്ളം താഴാത്തതിനാല്‍ ഇവിടെ നിന്നും രക്ഷപ്പെടാനും കഴിഞ്ഞില്ല. ജലനിരപ്പ് താഴ്ന്നതോടെ പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘമാണ് ഇയാളെ കണ്ടത്. പിന്നീട് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Exit mobile version