കവളപ്പാറ: ഒന്നുമറിയാതെ കുഞ്ഞുസ്വപ്‌നങ്ങള്‍ കണ്ട് ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഉറങ്ങുമ്പോഴാണ് സഹോദരിമാരായ അനഘയേയും അലീനയേയും മണ്ണിടിച്ചിലിന്റെ രൂപത്തില്‍ മരണം വിളിച്ചുകൊണ്ടു പോയത്. സഹോദരപുത്രിമാരായിരുന്നു അവര്‍. കവളപ്പാറയില്‍ നോവുന്ന ഓര്‍മ്മയായി മാറിയ അനേകംപേരില്‍ ഉള്‍പ്പെടുകയായിരുന്നു അനഘയും അലീനയും. ഒടുവില്‍ അന്ത്യയാത്രയിലും അവര്‍ ഒരുമിച്ചു.
അപകടം നടന്നയുടനെ അനഘയെ വലിച്ചുകയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബുകളുടെ പ്രഹരത്തില്‍ ആ കുഞ്ഞു ജീവന് അധികം പിടിച്ചു നില്‍ക്കാനായില്ല. പിന്നെയും രണ്ട് ദിവസത്തിനു ശേഷം രക്ഷാപ്രവര്‍ത്തകര്‍ മണ്ണുനീക്കി കണ്ടെടുക്കുമ്പോള്‍ നിലത്ത് ഇരുന്നുപോയ കട്ടിലില്‍ കിടന്നുറങ്ങുന്ന നിലയിലായിരുന്നു 7 വയസ്സുകാരി അലീനയുടെ മൃതദേഹം. അഞ്ചടിയോളം മണ്ണു നിറഞ്ഞ മുറിക്കുള്ളിലെ, തകര്‍ന്ന കട്ടിലില്‍ തനിച്ച് കിടക്കുന്ന അലീനയെ കണ്ട് പിതാവ് വിക്ടര്‍ വാവിട്ടു കരഞ്ഞു.
വീടിന്റെ മേല്‍ക്കൂരയിലെ സ്ലാബ് തകര്‍ത്ത് കൈകൊണ്ടു മണ്ണുനീക്കിയാണ് രക്ഷാപ്രവര്‍ത്തകര്‍ അലീനയുടെ ശരീരം പുറത്തെടുത്തത്. മീറ്ററുകള്‍ ഉയരത്തില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീട്ടില്‍ നിന്നും ബന്ധുക്കളായ ആറുപേരേയും രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ അപകടത്തില്‍ ഈ രണ്ട് കുഞ്ഞുങ്ങളുടെ ജീവനെ രക്ഷിച്ചെടുക്കാനായിരുന്നില്ല. വീട് നിന്നിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധത്തില്‍ കാല് പുതഞ്ഞുപോകുന്ന രീതിയില്‍ മണ്ണുമൂടിയതോടെ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് അടുക്കാനായില്ല.
ആരേയും കാത്തുനില്‍ക്കാതെ അലീനയ്ക്കായി തോരാത്ത കണ്ണീര്‍ അടക്കി പിതാവ് വിക്ടര്‍ തനിച്ച് തന്നാലാകും വിധം മണ്ണ് നീക്കി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് കണ്ട് നിന്നവരുടെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ശ്രമിച്ചിട്ടും കയറാന്‍ കഴിയാതിരുന്ന പ്രദേശത്തേക്ക് വിക്ടര്‍ പിടിച്ച് കയറി. ഒറ്റയ്ക്ക് വീടിന് മുകളിലെ മണ്ണ് നീക്കി. കോണ്‍ക്രീറ്റ് സ്ലാബ് അവനവന് പറ്റുന്ന രീതിയില്‍ പൊളിച്ചു നീക്കാന്‍ നോക്കി. ഇത് കണ്ടുനില്‍ക്കാനാകാതെ രക്ഷാപ്രവര്‍ത്തകരും സഹായഹസ്തവുമായി മലകയറാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മണ്ണിടിച്ചിലുണ്ടായത് അവരേയും പിന്മാറ്റി.
ഒടുവില്‍ മഴ ശക്തി കുറച്ച് കനിവ് കാണിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തകരും പിന്നാലെ കയറി. എല്ലാവരും ചേര്‍ന്ന് വീടിനകത്ത് നിന്ന് ഒടുവില്‍ കുഞ്ഞ് അലീനയെ നെഞ്ചോട് ചേര്‍ത്ത് പുറത്തേക്ക് എടുത്തു. ഒടുവില്‍ ഒരുമിച്ച് യാത്രയായ രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ച് അടക്കാന്‍ വിക്ടറും സഹോദരനും തീരുമാനിച്ചു. ഒന്നിച്ചുറങ്ങിയ കുഞ്ഞുങ്ങള്‍ ഒരുമിച്ച് തന്നെ എന്നന്നേക്കുമായി ഉറങ്ങട്ടെ.
Discussion about this post