മലപ്പുറം: കനത്ത മഴയില്‍ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് മലപ്പുറം വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ഒറ്റപ്പെട്ട നിലയില്‍. 250ലേറെ ആളുകളാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് വനത്തില്‍ ഒറ്റപ്പെടട് കിടക്കുന്നത്.
വഴിക്കടവുമായി പുഞ്ചക്കൊല്ലിയില്‍ ഇവര്‍ താമസിക്കുന്ന കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയ നിലയിലാണ്. ഇതോടെയാണ് പുറം ലോകവുമായി ബന്ധമില്ലാത്ത വിധം ഇവര്‍ ഒറ്റപ്പെട്ട് പോയത്. അതെസമയം ഇവിടെ നിന്ന് ക്യാമ്പിലേക്ക് മാറാന്‍ ഇവരാരും തയ്യാറായിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ഭക്ഷണം മതിയെന്നാണ് ഇവര്‍ പറയുന്നത്. 102 കുടുംബങ്ങളാണ് വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് കിടക്കുന്നത്.
വടം കെട്ടി ഇവരെ പുറത്തെത്തിക്കാനടക്കം അഗ്നിശമനസേനാംഗങ്ങളും ദുരന്തനിവാരണ സേനയും തയ്യാറാണെങ്കിലും ആദിവാസികള്‍ അതിന് തയാറല്ല. ഇപ്പോള്‍ ഭക്ഷണ സാധനങ്ങള്‍ കയറു കെട്ടി കോളനിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
എന്നാല്‍ മഴ കൂടുതല്‍ ശക്തമാവുകയോ തോട് ഗതിമാറി ഒഴുകുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ബലം പ്രയോഗിച്ചിട്ടായാലും ഇവരെ വനത്തില്‍ നിന്ന് മാറ്റുവാനാണ് തീരുമാനം. മഴ കനക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി ഇവരോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ മാറാന്‍ കൂട്ടാക്കിയിരുന്നില്ല എന്നാണ് വിവരം.
Discussion about this post