ബത്തേരി: സംസ്ഥാനം നേരിട്ട രണ്ടാമത്തെ പ്രളയത്തില്‍ മുങ്ങിയ പൊന്‍കുഴി ശ്രീരാമ ക്ഷേത്രം വൃത്തിയാക്കുവാന്‍ ഇറങ്ങി മുസ്ലീം-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. വയനാട്ടിലെ പൊന്‍കുഴിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് ക്ഷേത്രവും പരിസരവും വെള്ളത്താല്‍ മൂടിയത്.
ഇവിടെ വെള്ളമിറങ്ങിയതോടെ മുസ്ലീം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ക്ഷേത്രം ശുചീകരിക്കാന്‍ സന്നദ്ധത അറിയിച്ച് എത്തി. ക്ഷേത്ര ഭാരവാഹികളും അനുമതി നല്കി. ഇതോടെ ക്ഷേത്ര ശുചീകരണ പ്രവര്‍ത്തികളില്‍ ലീഗ് പ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടു. ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 അംഗ സന്നദ്ധസേവകരാണ് രംഗത്ത് ഇറങ്ങിയത്.
ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും പ്രവര്‍ത്തകര്‍ നിമിഷ നേരം കൊണ്ട് വൃത്തിയാക്കി. പുഴയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമത്തെ തുടര്‍ന്നാണ് നീക്കം ചെയ്യാനായത്. ഇതിനുശേഷം സമീപത്തെ കെട്ടിടങ്ങളും വൃത്തിയാക്കി. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച ശുചീകരണ പ്രവൃത്തികള്‍ ഉച്ചയോടെയാണ് അവസാനിച്ചത്.
ക്ഷേത്രത്തിലെ നിത്യപൂജ തിങ്കളാഴ്ച പുനരാരംഭിക്കും. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സികെ ഹാരീഫ്, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റന്‍ സികെ മുസ്തഫ, സമദ് കണ്ണിയന്‍, അസീസ് വേങ്ങൂര്‍, നിസാം കല്ലൂര്‍, റിയാസ് കല്ലുവയല്‍, ഇര്‍ഷാദ് നായ്ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്രം ശുചീകരിച്ചത്.
Discussion about this post