കോഴിക്കോട്: കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന ഫെറോക്ക് പാലം ഗതാഗത യോഗ്യമെന്ന് വിലയിരുത്തൽ. ഇതോടെ അടച്ചിട്ടിരുന്ന ഷൊർണ്ണൂർ-കോഴിക്കോട് റെയിൽപാത തുറന്നു, ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഫെറോക്ക് പാലത്തിൽ റെയിൽവേ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പാതയിൽ സർവ്വീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.
രണ്ട് ദിവസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ഇന്ന് പാലത്തിൽ നടത്തിയ പരിശോധനയിൽ പാലത്തിന് തകരാർ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗതാഗതം പുനരാംരഭിക്കാൻ തീരുമാനിച്ചത്. മറ്റു നടപടികളും കൂടി പൂർത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെ കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ തീവണ്ടികൾ കടത്തിവിട്ടു തുടങ്ങും.
അഥിതീവ്ര മഴയിൽ കുത്തിയൊഴുകിയ ചാലിയാർ പാലത്തിന്റെ ഡെയ്ഞ്ചർ സോണിന് മുകളിലൂടെ ഒഴുകിയിരുന്നു. ട്രാക്കിലടക്കം വെള്ളം കയറുകയും പാലത്തിന് താഴെ മരങ്ങളും മറ്റു മാലിന്യങ്ങളും വന്നടിയുകയും ചെയ്തതോടെ റെയിൽവേ ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു. ഇതോടെ മലബാറിലേക്ക് മധ്യകേരളത്തിൽ നിന്നുള്ള തീവണ്ടി ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയായിരുന്നു.
നാല് ദിവസമായി ഓടാതിരുന്ന മലബാർ, മാവേലി, മാംഗലാപുരം എക്സ്പ്രസ് തീവണ്ടികളും, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ട്രെയിനുകളും ഇന്ന് സർവ്വീസ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post