മലപ്പുറം: അപ്രതീക്ഷിതമായെത്തിയ മഴ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. കവളപ്പാറയും പുത്തുമലയും തീരാവേദനയുടെ മുറിവായി മാറിയിരിക്കുന്നു. പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയിരുന്ന ആളുകള്‍ക്കിടയിലേക്കാണ് ദുരന്തം പെയ്തിറങ്ങിയത്.
ദുരന്തം വിതച്ച കവളപ്പാറയിലെ ഹൃദയഭേദകമായ കാഴ്ചയെകുറിച്ചുള്ള
മന്ത്രി കെടി ജലീലിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നാളത്തെ ആഘോഷങ്ങള്‍ ത്യജിച്ച് ദുരിതബാധിതര്‍ക്കൊപ്പം ചേരണമെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.
ആഘോഷം ത്യജിക്കുക
ദുരിത ബാധിതരോട്
ഐക്യപ്പെടുക
———————————————————————–
ഇന്നത്തെ ദിവസം ബഹു: സ്പീക്കർ ശ്രീരാമകൃഷ്ണനോടൊപ്പം നിലമ്പൂരിലെ ദുരിതം പെയ്തിറങ്ങിയ പോത്തുകല്ല് പഞ്ചായത്തിലായിരുന്നു. സ്ഥലം എം.എൽ.എ പി.വി. അൻവറും നാട്ടുകാരൻ കൂടിയായ എം.സ്വരാജ് എം.എൽ.എ യും രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ദുരന്തമുഖത്ത് തന്നെയുണ്ടായിരുന്നു. മരണത്തിന്റെ ഗന്ധവും വേർപാടിന്റെ തീർത്താൽ തീരാത്ത വേദനയും മുററിനിൽക്കുന്ന കവളപ്പാറയിലെത്തി കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. ജീവനോടെ മണ്ണിനടിയിലാക്കപ്പെട്ട നാൽപത്തി ഒൻപതോളം മനുഷ്യരുടെ ഉയരാത്ത നിലവിളിക്ക് ഇന്നോളം കേട്ട കൂട്ടക്കരച്ചിലുകളെക്കാൾ ആയിരം മടങ്ങ് ശബ്ദമുള്ളത് പോലെ തോന്നി. ഇതുവരെയായി പതിമൂന്ന് മൃതദേഹങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്നവക്കായുള്ള തിരച്ചിൽ തുടരുകയാണ്. ജില്ലാ പോലീസ് സൂപ്രണ്ട് അബ്ദുൽ കരീം രക്ഷാപ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി ദിവസങ്ങളായി സംഭവസ്ഥലത്തുണ്ട്. കവളപ്പാറയിലേക്കുള്ള ഗതാഗത മാർഗ്ഗമായ പാലത്തിനു മുകളിൽ അടിഞ്ഞ് കൂടിക്കിടന്ന വൻമരങ്ങൾ ഏറെ പണിപ്പെട്ടാണ് പോലീസും ഫയർഫോഴ്സും നാട്ടുകാരും നീക്കം ചെയ്തത്. അതിനു ശേഷം മാത്രമാണ് മണ്ണുമാന്തി യന്ത്രം സൈറ്റിലെത്തിക്കാനായത്. ഇന്നത്തോടെ കൂടുതൽ സന്നാഹങ്ങൾ എത്തിക്കാൻ കഴിഞ്ഞതോടെ രക്ഷാ പ്രവർത്തനങ്ങൾ ഊർജസ്വലമായിട്ടുണ്ട്.
ഉദ്യോഗസ്ഥൻമാരുടെ അടിയന്തിര യോഗം പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകൾ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈകൊള്ളാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ആവശ്യാനുസരണം പണം ചിലവഴിക്കാൻ ഓരോ റിലീഫ് കേന്ദ്രങ്ങളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തി.
ഒരു പ്രദേശം തന്നെ അടിമുടി മാറ്റിമറിച്ച് കിലോമീറ്ററുകളോളം വലിയ ഉരുളൻ കല്ലുകളും വെള്ളവും കുത്തിയൊഴുകി രൂപപ്പെട്ട ഭീമാകാരൻ കരിങ്കല്ലുകൾ നിറഞ്ഞ പുതിയ പുഴയൊഴുകുന്ന പാതാറിൽ ചെന്നപ്പോൾ കണ്ടത് അത്യന്തം ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. പെരുന്നാൾ ദിനമാണെങ്കിലും നാളെ രാവിലെ പത്തു മണിക്ക് വീണ്ടും യോഗം ചേരാമെന്ന് തീരുമാനിച്ച് ഞങ്ങൾ തൽക്കാലത്തേക്ക് പിരിഞ്ഞു. നാളത്തെ പെരുന്നാൾ പ്രകൃതിയുടെ കൊടും വികൃതിയിൽ നിസ്സഹായരായ മനുഷ്യർക്കൊപ്പമാകാം എന്നു തീരുമാനിച്ചാണ് മരണത്തിന്റെ താഴ്വരക്കടുത്തുള്ള മദ്രസയിലെ ക്യാമ്പും എടക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പും സന്ദർശിച്ച് മനസ്സു നിറയെ വേദന പേറി മടങ്ങിയത്.
സ: ഇ.എൻ മോഹൻദാസും എം.ഇ.എസ് മെഡിക്കൽ കോളേജ് സൂപ്രണ്ടും എന്റെ സുഹൃത്തുമായ ഡോ: എൻ.എം. മുജീബ് റഹ്മാനും സ: പി.പി. വാസുദേവനും മുൻ എം.എൽ.എ ശശികുമാറും ലീഗ് നേതാവ് കുഞ്ഞാൻ ക്കയും എടക്കര സുലൈമാനും പോത്തുകല്ല് പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അംഗങ്ങളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ദുരന്ത പ്രദേശം സന്ദർശിക്കാനെത്തിയ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ടപ്പോൾ വാഹനം നിർത്തി ഹസ്തദാനം ചെയ്തു. വഴിയിൽ വെച്ച് കെ.എസ്.യു നേതാവ് ജോയിയേയും കണ്ട് പരിചയം പുതുക്കി. യൂത്ത്ലീഗ് നേതാവ് അഷ്റഫലിയെ എടക്കര ക്യാമ്പിൽ വെച്ച് കണ്ടതോർക്കുന്നു. എല്ലാം മറന്നുള്ള മനുഷ്യരുടെ കൂട്ടായ്മ ഈ ദുരന്ത പർവ്വവും മുറിച്ചു കടക്കാൻ നമ്മെ തുണക്കും തീർച്ച. ഈ ബലിപെരുന്നാൾ സുദിനത്തിൽ ആഘോഷം ത്യജിച്ച് ദുരിത ബാധിതർക്കൊപ്പം നമുക്ക് തോൾ ചേർന്നു നിൽക്കാം
Discussion about this post