പുത്തുമല: വയനാട്ടിലെ പുത്തുമലയിലെ ദുരിതക്കാഴ്ചകൾ ആരുടേയും നെഞ്ച് തകർക്കുന്നതാണ്. കാണാതായ ഉറ്റവർക്കായി കണ്ണീരോടെ കാത്തിരിക്കുകയാണ് നിരവധി കുടുംബങ്ങൾ. തന്റെ ഭാര്യ അജിതയെ ഉരുൾ കവർന്നത് ആധാർ കാർഡ് എടുക്കാനായി തിരിച്ച്കയറിയപ്പോഴാണെന്ന് പൊട്ടിക്കരച്ചിലോടെ ഓർത്തെടുക്കുകയാണ് മുണ്ടേക്കാട് ചന്ദ്രൻ.
‘ദുരിതാശ്വാസ ക്യാംപിലേക്ക് മാറുകയാണെങ്കിൽ ആധാർ കാർഡ് വേണ്ടിവരുമെന്നു പറഞ്ഞാണ് അവൾ വീട്ടിലേക്കു തിരിച്ചുകയറിയത്. ആധാർ കാർഡെടുത്തു പെട്ടെന്നു തിരിച്ചുവരാമെന്നു പറഞ്ഞു. പക്ഷേ…’ ഭാര്യ ചന്ദ്രൻ വിതുമ്പുന്നു. പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ അജിതയുടെ മൃതദേഹം ഇന്നലെ രാവിലെയോടെയാണു കണ്ടെത്തിയത്. ഉരുൾപൊട്ടലിൽ പൂർണമായും ഒഴുകിപ്പോയ എസ്റ്റേറ്റ് പാടിയിലാണു ചന്ദ്രനും കുടുംബവും താമസിച്ചിരുന്നത്. ഉ
രുൾപൊട്ടൽ ഭീഷണിയെത്തുടർന്നു പച്ചക്കാട് പ്രദേശത്തെ കുടുംബങ്ങളോട് ദുരിതാശ്വാസ ക്യാംപിലേക്കു മാറാൻ ആവശ്യപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോൾ തന്നെ പാടിയിൽ നിന്നു കുടുംബത്തെ മാറ്റാനായി ചന്ദ്രൻ ഓടിയെത്തുകയായിരുന്നു. വീട്ടുപകരണങ്ങൾ മാറ്റാൻ ആളെ ഏൽപ്പിച്ചു. വീട്ടിലെത്തി അജിതയെയും മകനെയും കൂട്ടി മടങ്ങിയതുമായിരുന്നു. ഇതിനിടെയാണു അജിത ആധാർ കാർഡ് എടുക്കാൻ തിരിച്ചുപോയത്. കാർഡെടുത്തു തിരിച്ചിറങ്ങുമ്പോഴേക്കും പച്ചക്കാട് മലയിൽ ഉരുൾപൊട്ടിയിരുന്നു.
കാത്തുനിൽക്കുന്ന മകനും ഭർത്താവിനും അരികിലേക്ക് ഓടിയെത്തുമ്പോഴേക്കും അജിതയെ മലവെള്ളം കൊണ്ടുപോയി. പൂർണ്ണമായും ഒലിച്ചുപോയ ഈ പാടിയിലെ 4 പേരെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. ഇതിൽ പൊള്ളാച്ചി സ്വദേശി പനീർശെൽവം, അജിത എന്നിവരുടെ മൃതദേഹം കണ്ടെത്തി. പുത്തുമല ലോറൻസിന്റെ ഭാര്യ ഷൈല, പനീർസെൽവത്തിന്റെ ഭാര്യ റാണി എന്നിവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Discussion about this post