തിരുവനന്തപുരം: ദുരിതപെയ്ത്തിന് ആശ്വാസം, കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115mm വരെ മഴ) അതിശക്തമായതോ (115 ാാ മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ വെള്ളം കയറുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറിയ സ്ഥലങ്ങളിലുള്ളവരും അടിയന്തര സാഹചര്യത്തെ നേരിടാന്‍ സജ്ജരായിരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Discussion about this post