മലപ്പുറം: കഴിഞ്ഞതവണ കേരളത്തെ അടിമുടി ഉലച്ച നൂറ്റാണ്ടിന്റെ പ്രളയത്തിൽ എന്തുചെയ്യണം എന്നും എങ്ങനെ സഹായമെത്തിക്കണം എന്നും അറിയാതെ ആശങ്കയിലായ ജനങ്ങൾക്ക് സഹായം കൈമാറിയത് സോഷ്യൽമീഡിയ ആയിരുന്നു. സർക്കാർ സംവിധാനങ്ങൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും പിന്തുണയുമായി ഒത്തുചേർന്ന സോഷ്യൽമീഡിയ ഇടപെടൽ അന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് അനേകായിരങ്ങളേയാണ്. പ്രളയ രക്ഷാപ്രവർത്തനത്തിലും പ്രളയാനന്തര അതിജീവനത്തിനും സോഷ്യൽമീഡിയ ഇടപെടൽ അന്ന് സാന്ത്വനമായി. പ്രളയത്തെ എങ്ങനെ നേരിടാമെന്നും സഹായം അഭ്യർത്ഥിക്കാൻ എന്താണ് മാർഗ്ഗങ്ങളെന്നും അന്ന് സോഷ്യൽമീഡിയ സാധാരണക്കാരെ പഠിപ്പിച്ചു. പ്രളയകിറ്റിനെ കുറിച്ചും അടിയന്തരമായിവിളിക്കേണ്ട നമ്പറുകളെ കുറിച്ചും അറിയിപ്പുകൾ നൽകി. സഹായത്തിനായി കാത്തിരുന്നവരെ തേടി രക്ഷാപ്രവർത്തകർ എത്തിയതും പലപ്പോഴും സോഷ്യൽമീഡിയയിലെ സന്ദേശങ്ങൾ കണ്ടായിരുന്നു.
എന്നാൽ ഇത്തവണ വീണ്ടും കേരളം മറ്റൊരു മഴക്കെടുതിയെ നേരിടുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷങ്ങളാണ് സോഷ്യൽമീഡിയ ചെയ്തുകൂട്ടുന്നത്. സഹായമഭ്യർത്ഥനകളേക്കാൾ കൂടുതൽ സോഷ്യൽമീഡിയയിൽ നിറയുന്നത് വിദ്വേഷ പ്രചാരണങ്ങളാണ്. സഹജീവിയുടെ ദുരിതമറിഞ്ഞ് സഹായഹസ്തം നീട്ടാൻ ഒരുങ്ങുന്നവരേയും പിന്തിരിപ്പിക്കുന്ന സോഷ്യൽമീഡിയയിലെ ചിലരുടെ ക്രൂരതകളെ സർക്കാരും അപലപിക്കുകയാണ്. സഹായമെത്തിക്കരുത് എന്ന തരത്തിലെ പ്രചാരണങ്ങളെ ഹീനകൃത്യമെന്നാണ് മുഖ്യമന്ത്രി പിണറായി വിശേഷിപ്പിച്ചത്.
സഹായമെത്തിക്കും എന്ന ഉറപ്പോടെ ഏറ്റവും വിശ്വസനീയമായ കേന്ദ്രമെന്ന രീതിയിൽ ജനങ്ങൾ തങ്ങളാൽ കഴിയുംവിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമെത്തിക്കുമ്പോൾ വ്യാജപ്രചരണങ്ങൾ ഈസഹായങ്ങളെയും ദുർബലമാക്കുകയാണ്. ഒപ്പം ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലെ വ്യാജ മുന്നറിയിപ്പുകളും ഇത്തവണ സോഷ്യൽമീഡിയയിൽ പതിവായിട്ടുണ്ട്. അനാരോഗ്യകരമായ നിർദേശങ്ങളും കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നു.
പലതവണ വ്യാജന്മാർ ജനങ്ങളെ ഉപദ്രവിച്ചതോടെ ഏറ്റവും കൂടുതൽ മഴക്കെടുതി അനുഭവിക്കുന്ന മലപ്പുറത്തെ ജില്ലാ പോലീസ് ഓഫീസിന് വിഷയത്തിൽ കടുത്ത മുന്നറിയിപ്പ് നൽകേണ്ടിയും വന്നിരിക്കുകയാണ്. വ്യാജസന്ദേശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് ഓഫീസ് അറിയിച്ചു. മലപ്പുറം ടൗണിന് അടുത്തുള്ള കൂട്ടിലങ്ങാടി പാലം തകർന്നെന്നും ഒലിച്ചുപോയെന്നുമാണ് ഒട്ടേറെ പേരെ പെരുവഴിയിലാക്കിയ ഒരു പ്രചാരണം. മറ്റേതോ പാലത്തിന്റെ സ്പാനുകൾ തെന്നിമാറിയ വീഡിയോ കൂടി ചേർത്ത ഈ സന്ദേശം ജനങ്ങളേയും ഉദ്യോഗസ്ഥരേയും തെല്ലൊന്നുമല്ല വലച്ചത്.
പിന്നാലെ, കൂട്ടിലങ്ങാടി പാലം തകർച്ചയിലല്ലെന്ന് പോലീസ്, മരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധന നടത്തി സ്ഥിരീകരിക്കുകയും ചെയ്തു. ഭാരതപ്പുഴ, ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിലേക്ക് കയറി ഒഴുകുന്നു എന്നാണ് മറ്റൊരു പ്രചാരണം. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിജിഡ്ന്റെ വീഡിയോ ആണ് ചമ്രവട്ടം പാലത്തിന്റേതെന്നു പറഞ്ഞ് പ്രചരിക്കുന്നത്. അഴിമുഖത്തിനടുത്തുള്ള ചമ്രവട്ടത്ത് വെള്ളം അത്ര പെട്ടെന്ന് ഒന്നും ഉയരില്ലെന്നു പോലും ഓർക്കാതെയാണ് സന്ദേശങ്ങൾ പടച്ചുവിട്ടിരിക്കുന്നത്.
കേരളമൊട്ടാകെ തന്നെ പ്രത്യേകിച്ച് മലബാർ പ്രദേശത്ത് പെട്രോളും ഡീസലും തീരാൻ പോവുകയാണെന്നും എല്ലാവരും ടാങ്ക് നിറച്ചുവച്ചോളൂ എന്നും ഒരു സോഷ്യൽമീഡിയ സന്ദേശം പൊട്ടിപ്പുറപ്പെട്ടതോടെ രക്ഷാപ്രവർത്തകർ പോലും കുരുക്കിലായി. സന്ദേശം കേട്ടപ്പോൾ തന്നെ പമ്പിലേക്ക് ജനങ്ങൾ ഒഴുകിയതോടെ പമ്പുകളിൽ അനാവശ്യ തിരക്കായി. രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനം ഉറപ്പാക്കാൻ ഒടുവിൽ ജില്ലാഭരണകൂടത്തിന് പോലും ഇടപെടേണ്ടി വന്നു.
കേരളമൊട്ടാകെ 24 മണിക്കൂർ വൈദ്യുതി മുടങ്ങുമെന്നുള്ള ഒരു വ്യാജസന്ദേശത്തിന് അത് സൃഷ്ടിച്ചയാൾ വിചാരിച്ചതിനേക്കാൾ മൈലേജാണ് ലഭിച്ചത്. ജനങ്ങളുടെ പരിഭ്രാന്തി തിരുത്താൻ വൈദ്യുതവകുപ്പ് മന്ത്രി എംഎം മണിക്ക് സോഷ്യൽമീഡിയയിൽ പോസ്റ്റിടേണ്ടിയും വന്നു. ഇതോടൊപ്പം ഇടുക്കി ഡാം ഉൾപ്പടെ വിവിധ ഡാമുകൾ തുറന്നുവിടുമെന്ന വ്യാജസന്ദേശങ്ങൾ പ്രചരിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ ആശങ്കകളെ ദുരീകരിച്ചു.
ദുരന്തചിത്രങ്ങൾക്കും വെള്ളം കയറിയ പ്രദേശങ്ങളിലെ വീഡിയോകൾക്കുമൊപ്പം ബാക്ഗ്രൗണ്ടിൽ തട്ടുപൊളിപ്പൻ സംഗീതം ചേർത്ത് തയ്യാറാക്കിയ വീഡിയോ സ്റ്റാറ്റസുകളും സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നുണ്ട്. പ്രളയത്തേക്കാൾ വലിയ ദുരന്തമെന്നല്ലാതെ ഇത്തരക്കാരെ എന്ത് വിളിക്കാൻ.
Discussion about this post