കുട്ടനാട്: കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് റേഷന്‍ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതായി. വൈദ്യുതി ഇല്ലാത്തതാണ് റേഷന്‍ മുടങ്ങാന്‍ കാരണം. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് പഞ്ചിംഗ് മെഷ്യനും നെറ്റ് കണക്ഷനും പ്രവര്‍ത്തിക്കാതായി. ഇത് പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിയില്ല.
സാധാരണ ഗതിയില്‍ റേഷന്‍ ലഭിക്കണമെങ്കില്‍ കാര്‍ഡ് ഉടമയുടേയോ വീട്ടുകാരുടേയോ വിരല്‍ പഞ്ചിംഗ് മെഷിനില്‍ പതിയണം. എന്നാല്‍ വൈദ്യുതിയും നെറ്റ് കണക്ഷനും ഇല്ലാത്തതോടെ റേഷന്‍ ലഭിക്കാതായി. ഇതോടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അരി മേടിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായി ഉണ്ടായ ചുഴലികാറ്റും മഴയും വെള്ളപൊക്കവും മൂലം മരങ്ങള്‍ മറിഞ്ഞ് വീണ് പോസ്റ്റുകള്‍ ഒടിഞ്ഞ് കമ്പികള്‍ പൊട്ടിയതു മൂലം പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസം കഴിഞ്ഞു. ഒട്ടുമിക്ക പ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്ത അവസ്ഥയിലാണ്.
അതിനിടെ കുട്ടനാട് വെള്ളപ്പൊക്ക ഭീതിയിലാണ്. കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ വെള്ളം കയറി തുടങ്ങി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിന്റെ അടിയിലായി.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി എസി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോട്ടയത്തിന്റെ പടിഞ്ഞാറന്മേഖലകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇവിടുത്തെ വീടുകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.
കഴിഞ്ഞ മഹാ പ്രളയത്തില്‍ ഏറ്റവും ദുരിതം അനുഭവിച്ചത് കുട്ടനാട്ടുകാരാണ്. മാസങ്ങളോളമാണ് ഇവിടുത്തുകാര്‍ ക്യാമ്പുകളില്‍ കഴിഞ്ഞത്.