കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങി. റവന്യു ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തെരച്ചിലിനായി കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.
മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നിര്‍ത്തിവച്ച തെരച്ചിലാണ് ഇന്ന് വീണ്ടും തുടങ്ങിയത്. ഒന്നര വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെയാണ് കാണാതായത്.
കോട്ടക്കുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്നു സരോജിനി, മകന്റെ ഭാര്യ, മകന്റെ ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് കാണാതായത്. അപകടത്തില്‍ നിന്ന് സരോജിനിയുടെ മകന്‍ ശരത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
വെള്ളിയാഴ്ച്ചയാണ് മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായത്. അതേസമയം, മഴ കുറഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.