തിരുവനന്തപുരം: വീണ്ടും പ്രളയക്കെടുതിയില്‍ പെട്ടതിന്റെ അമ്പരപ്പിലും ദുരിതത്തിലുമാണ് ഇന്ന് കേരളക്കര. ജീവിതം നിലനിര്‍ത്തുവാന്‍ വേണ്ടി നെട്ടോട്ടം ഓടുകയാണ്. ഇത്തവണത്തെ മഴക്കെടുതിയില്‍ ഇതുവരെ 63 ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പോഴും പലയിടങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയാണ്. പലയിടങ്ങളിലും അപ്രതീക്ഷിതമായി ഉരുള്‍പൊട്ടി നിരവധി വീടുകള്‍ മണ്ണിനടിയില്‍ ആയിരിക്കുകയാണ്. മണ്ണിനടിയില്‍ ഇപ്പോഴും ആളുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അവരെ കണ്ടെത്തുന്നതിനായി സൈന്യവും രംഗത്തുണ്ട്.
ഈ സാഹചര്യത്തില്‍ വിവാദ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യണമെന്നറിയാതെ മലബാറിലെ ജില്ലകളില്‍ ജനങ്ങള്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികള്‍ തല്‍ക്കാലം ശേഖരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പറഞ്ഞത്.
സഹായം വേണമെങ്കില്‍ രണ്ട് ദിവസത്തിന് ശേഷം ശേഖരിക്കാമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ കളക്ടര്‍ പറഞ്ഞത്. ഇതോടെ വ്യാപക പ്രതിഷേധമാണ് കളക്ടര്‍ക്കെതിരെ ഉയര്‍ന്നത്. സോഷ്യല്‍മീഡിയയും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇതോടെ മറ്റൊരു കുറിപ്പ് ഇട്ട് തടിയൂരാന്‍ ശ്രമിച്ചിരിക്കുകയാണ് കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍.
സോഷ്യല്‍മീഡിയയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കളക്ടറുടെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കളക്ടറുടെ പുതിയ കുറിപ്പ് എത്തിയത്. എന്നാല്‍ വിവാദം ഉയര്‍ന്നതിനു പിന്നാലെ കളക്ടര്‍ ലീവിലായിരുന്നു എന്ന വിശദീകരണവും എത്തിയിരുന്നു. എന്നാല്‍ അതൊന്നും ആരും ചെവികൊണ്ടില്ല. ഇന്നലെ അര്‍ധരാത്രിയോട് അനുബന്ധിച്ച് രണ്ട് പോസ്റ്റുകളാണ് കളക്ടര്‍ പങ്കുവെച്ചത്.
ഇംഗ്ലീഷില്‍ എഴുതിയ ആദ്യ പോസ്റ്റ് ഇങ്ങനെ;
പൊതുജനങ്ങളുടെ ആശങ്കകളെ ജില്ലാ ഭരണകൂടം വിലമതിക്കുന്നു, നിങ്ങളുടെ നിര്‍ദ്ദേശങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം, ഒരു അഭിപ്രായം രൂപീകരിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
വസ്തുതകള്‍ ഇതാ-
1. ജില്ലാ ഭരണകൂടം തിരുവനന്തപുരം ഞാനടക്കം വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെ നിരന്തരമായ മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കി ദുരന്തനിവാരണത്തില്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്.
2. ഇന്നലെ വരെ ശേഖരണ ശ്രമങ്ങള്‍ നടത്താന്‍ എടുത്ത തീരുമാനം, ബാധിത ജില്ലകളുടെ ജില്ലാ ഭരണകൂടവുമായുള്ള നിരന്തരമായ ചര്‍ച്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ്, സഹാനുഭൂതിയുടെ അഭാവത്തില്‍ നിന്നല്ല (വിവരങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഒരാള്‍ വിശ്വസിക്കാന്‍ സാധ്യതയുണ്ട്).
3. ബാധിത ജില്ലകളില്‍ നിന്നുള്ള ഇന്‍പുട്ടിനെ അടിസ്ഥാനമാക്കി, അടിയന്തിര ആവശ്യം വൈദ്യസഹായവുമായി ബന്ധപ്പെട്ടതായിരുന്നു, ഇത് പരിഹരിക്കുന്നതിന് ഞങ്ങള്‍ വേഗത്തിലും സജീവമായും പ്രവര്‍ത്തിച്ചിട്ടുണ്ട്, അഭ്യര്‍ത്ഥിച്ച ജില്ലകളിലേക്ക് ടീമുകളെ അയയ്ക്കുന്നു, കൂടാതെ റെസ്‌ക്യൂ ബോട്ടുകള്‍ തുടങ്ങി നിരവധി സഹായങ്ങളും.
4. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിത പ്രദേശങ്ങളിലെ സഹോദരങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ശേഖരണ കേന്ദ്രം ആരംഭിക്കുകയും ഇത്തവണ ഞങ്ങളുടെ ആളുകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുകയും ചെയ്യും. നൂറുകണക്കിന് സെന്‍സിറ്റീവ്, ഉത്സാഹമുള്ള, സഹാനുഭൂതി നിറഞ്ഞ ടീം നടത്തുന്ന ശ്രമങ്ങള്‍ എഴുതിത്തള്ളുന്നതിനുമുമ്പ് നിങ്ങളുടെ അഭിപ്രായത്തില്‍ പരിഗണന നല്‍കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഇതിന് പുറമേ നേരത്തെ ഇറക്കിയ ലൈവ് വീഡിയോയില്‍ നിന്നും വ്യത്യസ്തമായി ഒരു പോസ്റ്റും കളക്ടറുടെ പേജില്‍ ഇട്ടിട്ടുണ്ട്
കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കേരളത്തിന്റെ സഹായ ഹബ്ബായിരുന്നു. അതുപോലെയാകണം ഇനിയും നമ്മള്‍.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെ മലപ്പുറം ,വയനാട് ജില്ലകളിലേക്ക് അയച്ച് കഴിഞ്ഞു. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കേണ്ട സമയമാണ് ഇനിയുള്ളത്. നമ്മളാല്‍ കഴിയുന്ന തെല്ലാം അവര്‍ക്ക് എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.
തിരുവനന്തപുരം ജില്ലയില്‍ കളക്ഷന്‍ സെന്ററുകളിലേക്ക് നിങ്ങളാല്‍ കഴിയാവുന്ന അവശ്യ വസ്തുക്കള്‍ എത്തിക്കാം. നിത്യജീവിതത്തിന് ആവശ്യമുള്ളതെന്തും സഹായമായി എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം. അതിജീവനത്തിന്റെ കരങ്ങള്‍ നീട്ടി തിരുവനന്തപുരം ഇത്തവണയും മുന്നില്‍ത്തന്നെയുണ്ടാകട്ടെ. നമുക്ക് ഒന്നിച്ചിറങ്ങാം, ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി… എന്നാണ് പോസ്റ്റില്‍ പറയുന്നത്.