മഴക്കെടുതി; വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഇത്തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പോലീസിനോട് പറഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ മഴക്കെടുതിയില്‍ ദുരിതം നേരിട്ടവരെ സഹായിക്കുന്നതിന് പകരം ജനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പോലീസിനോട് പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഭീതിയിലായിരിക്കുകയാണ് കേരളം. ഇതിനിടെയാണ് ജനങ്ങളെ കൂടുതല്‍ പേടിപ്പിക്കുന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നത്. എല്ലാ അണക്കെട്ടുകളും തുറുന്നുവിടുന്നു, കേരളം വന്‍ പ്രളയക്കെടുതിയിലേക്ക്, പെട്രോള്‍ പമ്പുകള്‍ അടയ്ക്കുന്നു, പെട്രോളും ഡീസലും എങ്ങും കിട്ടാനില്ല തുടങ്ങിയ രീതിയിലൊക്കെയായിരുന്നു പ്രചാരണം.

എന്നാല്‍ സംസ്ഥാനത്ത് മഴകുറഞ്ഞതോടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് എങ്ങും ഇന്ധനക്ഷാമമില്ലെന്നും ആവശ്യമെങ്കില്‍ പോലീസ് സഹായത്തോടെ ഇന്ധനം എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുന്ന ഭീതി പടര്‍ത്തുന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുകയാണ് ചെയ്യുന്നത്.

ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
വ്യാജവാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭീതി പടര്‍ത്തുന്ന രീതിയിലുള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്തനിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡിജിപി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെടണം.

Exit mobile version