കൊച്ചി: കൊച്ചിൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് വിമാനസർവീസുകൾ പുനരാരംഭിക്കും. ഉച്ചയ്ക്കു 12നു പ്രവർത്തനസജ്ജമാകുമെന്നാണ് സിയാൽ അറിയിച്ചിരിക്കുന്നത്. വെള്ളം കയറിയതിനാൽ വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു. പിറ്റേന്ന് വെള്ളം വറ്റിച്ച് കളഞ്ഞ് സർവീസുകൾ പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും റൺവേയിലടക്കം വെള്ളം കയറിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം ഞായറാഴ്ച വരെ നിർത്തിവെയ്ക്കുകയായിരുന്നു.
നേരത്തെ ഇവിടെ കുടുങ്ങി പോയിരുന്ന 8 വിമാനങ്ങളിൽ ആറെണ്ണം കഴിഞ്ഞദിവസങ്ങളിലായി യാത്രക്കാരെ കയറ്റാതെ മടങ്ങിപ്പോയി. ഇൻഡിഗോ, ഗോ എയർ വിമാനങ്ങൾ ഇന്നു പതിവു ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും. സർവീസ് ഇന്നു പകൽ 3നു പുനരാരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. വിമാനത്താവളത്തിലെ 2 ടെർമിനലുകളിലും ഇന്നു രാവിലെ 9ന് ചെക് ഇൻ തുടങ്ങും. ഹെൽപ് ഡെസ്ക്: 0484-3053500, 3053000, 2610094, 2610115, 9072604009.
അതേസമയം, കൊച്ചി വിമാനത്താവളം അടച്ചതിനാൽ തിരുവനന്തപുരം വഴി 20 അധിക സർവീസുകളാണ് നടത്തിയത്. കെഎസ്ആർടിസിയുമായി സഹകരിച്ച് തൃശ്ശൂർ വരെ യാത്രാ സൗകര്യവും ഒരുക്കിയിരുന്നു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കൊച്ചിയിലേക്ക് ഒഴികെയുള്ള സർവീസുകളെല്ലാം പതിവുപോലെ നടന്നു. മംഗളൂരുവിൽ സർവീസുകളൊന്നും റദ്ദാക്കിയില്ല. കൊച്ചിയിൽനിന്നുള്ള യാത്രക്കാരുമായി സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അധിക സർവീസ് നടത്തി. 222 യാത്രക്കാരുമായി കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം ഇന്നലെ ഉച്ചയ്ക്ക് 2നു കരിപ്പൂരിലെത്തി. വൈകിട്ട് 4നു ജിദ്ദയിലേക്കു തിരിച്ചുപോയി. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ, നിർമ്മാണത്തിനായി അടച്ചശേഷം ആദ്യമായാണ് വൈഡ് ബോഡി വിമാനം കോഴിക്കോട്ട് ഇറങ്ങുന്നത്.
Discussion about this post