തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ ഇത്തവണ പെയ്തത് ദീര്‍ഘകാല ശരാശരിയില്‍ നിന്നും പത്തിരട്ടിയിലധികം മഴയെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ അധികമായി പെയ്തത് നാലിരട്ടിവരെ മഴയാണ്.
ഇത്തവണ ഓഗസ്റ്റ് ഒമ്പതിന് രാവിലെവരെയുള്ള 24 മണിക്കൂറിലാണ് കൂടുതല്‍ മഴ പെയ്തതെന്നും അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്ററാണെന്നും കാലാവസ്ഥാ വകുപ്പിന്റെ കണക്കില്‍ പറയുന്നു. ആ ദിവസം പെയ്യേണ്ട ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാള്‍ 998 ശതമാനം അധികം. ഈ മാസം എട്ടിന് 378 ശതമാനവും പത്തിന് 538 ശതമാനവും അധികം മഴ പെയ്തുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കേരളത്തില്‍ 2018ലെ മഹാപ്രളയകാലത്തെ ഇതേദിവസങ്ങളില്‍ സാധാരണതോതില്‍നിന്ന് ഏകദേശം നാലിരട്ടിവരെ മാത്രം അധികം മഴയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് 310, ഒമ്പതിന് 379, പത്തിന് 152 ശതമാനം അധികമഴയാണ് പെയ്തത്. സംസ്ഥാനത്ത് ഇത്തവണ വേനല്‍മഴ കുറവായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറഞ്ഞത് പലയിടത്തും വരള്‍ച്ചയ്ക്ക് കാരണമായി. എന്നിട്ടും അഭൂതപൂര്‍വമായ ഈ മഴയാണ് പ്രളയദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം.