തിരുവനന്തപുരം: ദിവസങ്ങളായി തോരാതെ പെയ്ത അതിതീവ്രമഴയ്ക്ക് ശമനമുണ്ടായതോടെ ഉരുൾപൊട്ടിയ കവളപ്പാറയിൽ ഉൾപ്പടെ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രക്ഷാപ്രവർത്തനം ദുഷ്‌കരമായ കവളപ്പാറയിലെ പ്രദേശങ്ങളിൽ സൈന്യം ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എങ്കിലും വയനാട്ടിലും കണ്ണൂരും കാസർകോടും റെഡ് അലർട്ടാണ് ഇന്നും പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തെക്കൻ ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയില്ല.
അതേസമയം, ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതികളിൽ പൊലിഞ്ഞത് 62 ജീവനുകൾ. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിരിക്കുന്നത്. ജില്ലയിൽ 19 പേരുടെ ജീവനാണ് മഴക്കെടുതിയിൽ പൊലിഞ്ഞത്. കോഴിക്കോട് 14, വയനാട് 10, കണ്ണൂർ അഞ്ച്, ഇടുക്കി നാല് എന്നിങ്ങനെയാണ് ലഭ്യമായ കണക്കുകൾ.
സംസ്ഥാനത്തടക്കം 1318 ദുരിതാശ്വാസ ക്യാപുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ക്യാംപുകളിൽ കഴിയുന്നത്. ശക്തമായ മഴയിലും കാറ്റിലും മലവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടിലുംപെട്ട് സംസ്ഥാനത്താകെ 198 വീടുകൾ പൂർണമായും 2303 വീടുകൾ ഭാഗികമായും തകർന്നതായി അധികൃതർ വ്യക്തമാക്കുന്നു.
ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ കേരളത്തിൽ ഇതു മൂലം മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post