മലപ്പുറം: മലപ്പുറം കവളപ്പാറയിൽ ഉരുൾപ്പൊട്ടി ഏക്കറോളം പ്രദേശം മണ്ണിനടിയിലാവുകയും വീടുകൾ അകപ്പെട്ടുപോവുകയും ചെയ്ത സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താനാകാതെ രക്ഷാപ്രവർത്തകർ. അതേസമയം, രക്ഷാപ്രവർത്തനം തടസപ്പെടുത്തി വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടലുണ്ടായി. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്നതും തിരിച്ചടിയാണ്. ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാർ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുർഗന്ധം വരുന്നുണ്ട്. ഒന്ന് ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് എന്ത് ചെയ്യുമെന്നറിയാതെ പകയ്ക്കുകയാണ് രക്ഷാപ്രവർത്തകരും.
ദേശീയ ദുരന്തനിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും നാലും മീറ്ററോളം ഉയരത്തിൽ കല്ലും മണ്ണും മരവുമെല്ലാം ഒഴുകിയെത്തിയതോടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ഈ മണ്ണ് നീക്കാൻ തക്കവിധത്തിലുള്ള ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളൊ ഒന്നും പ്രദേശത്ത് ഇപ്പോഴും ഇല്ല.
ആഗ്രഹിക്കുന്ന രീതിയിൽ രക്ഷാപ്രവർത്തനം നടത്താനാകാത്ത അവസ്ഥയാണ് ഇപ്പോൾ കവളപ്പാറയിൽ ഉള്ളതെന്ന് സ്ഥലം എംഎൽഎ പിവി അൻവറും പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങൾ പോലും വളരെ സൂക്ഷിച്ച് മാത്രമെ പ്രദേശത്ത് ഉപയോഗിക്കാൻ കഴിയു. കാരണം അറുപതിലേറെ പേർ മണ്ണിനകത്ത് അവിടവിടെയായി അകപ്പെട്ടുപോയ പ്രദേശത്ത് മറ്റുപ്രദേശങ്ങളെ പോലെ വേഗത്തിൽ രക്ഷാ പ്രവർത്തനം സാധ്യമാകില്ലെന്നാണ് ജനപ്രതിനിധിയും വ്യക്തമാക്കുന്നത്. കാഴ്ചക്കാരായി ആളുകൾ പാഞ്ഞെത്തുന്നതും രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. വീണ്ടും ഉരുൾപ്പൊട്ടലുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തകരെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
നാൽപ്പത്തിരണ്ട് വീണ്ട് പൂർണ്ണമായും മണ്ണിനടിയിൽ പെട്ടെന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ അവസാന കണക്ക്. 66 പേർ മണ്ണിനടിയിൽ അകപ്പെട്ടുപോയെന്നാണ് ഏകദേശ വിവരം. ഇതിൽ നാല് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കിട്ടിയത്. ഇനിയും ഏറെ ആളുകൾ മണ്ണിനടയിലെ വീടുകളിൽ അകപ്പെട്ടുപോയിട്ടുണ്ടെങ്കിലും ആരെയും വീണ്ടെടുക്കാൻ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Discussion about this post