എടവണ്ണ: വീട് തകർന്ന് എടവണ്ണയിൽ മാതാപിതാക്കളും രണ്ട് മക്കളും മരിച്ച സംഭവത്തിൽ കണ്ണീർ തോരാതെ ഒരുനാട്. നിർമ്മാണത്തിലുള്ള കോൺക്രീറ്റ് വീട് കനത്ത മഴയിൽ തകർന്നുവീണാണ് എടവണ്ണയിൽ അപകടമുണ്ടായത്. കുണ്ടുതോട് ചളിപ്പാടം കുട്ടശ്ശേരി യൂനുസ് ബാബു(38), ഭാര്യ നുസ്രത്ത് (32), മക്കളായ ഫാത്തിമ സന (11), മുഹമ്മദ് ഷാനിൽ (7) എന്നിവരാണ് ഇന്നലെ പുലർച്ചെ അഞ്ചോടെ തകർന്നു വീണ വീടിനുള്ളിൽപെട്ടു മരിച്ചത്. രണ്ട് മക്കൾ രക്ഷപ്പെട്ടു. കുണ്ടുതോട് എഎംഎ യുപി സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ സന. ഷാനിൽ കുണ്ടുതോട് എൽപിയിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയും. മൃതദേഹങ്ങൾ കുണ്ടുതോട് സുന്നി ജുമാ മസ്ജിദിൽ കബറടക്കി.
മറ്റു മക്കളായ ഷാമിൽ(15), ഷഹീം (13) എന്നിവരെ തകർന്നുവീണ് കിടന്ന വീട്ടിൽ നിന്നും രക്ഷിക്കുകയായിരുന്നു. മഞ്ചേരിയിൽ ചുമട്ടുതൊഴിലാളിയായ യൂനുസ് ബാബു ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം കനത്ത മഴയിൽ വെള്ളം കയറുന്നതുകണ്ടാണ് താമസിക്കുന്ന ഓടിട്ട വീട്ടിൽനിന്ന്, നിർമ്മാണത്തിലിരിക്കുന്ന കോൺക്രീറ്റ് വീട്ടിലേക്ക് രാത്രിയോടെ മാറിയത്.
ഇവർ തന്നെ നിർമ്മിക്കുന്ന കോൺക്രീറ്റ് വീടിന്റെ മുകളിലത്തെ നിലയിലാണ് വ്യാഴാഴ്ച രാത്രി ഈ കുടുംബം ഉറങ്ങാൻ കിടന്നത്. പുലർച്ചെ അഞ്ചുമണിയോടെ വീട് തകർന്ന് കുടുംബം അതിനടിയിൽപ്പെടുകയായിരുന്നു. വെള്ളം ക്രമാതീതമായി ഉയർന്നതോടെ യൂനുസിന്റെ മാതാപിതാക്കളായ മുഹമ്മദിനെയും സുബൈദയെയും രാത്രി വണ്ടൂരിലെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. കൂടെപ്പോകാൻ ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ വീട്ടുസാധനങ്ങൾ പുതിയ വീട്ടിലേക്കു മാറ്റി രാവിലെത്തതന്നെ എത്തിക്കോളാമെന്നാണ് യൂനുസ് പറഞ്ഞത്. മരിച്ച രണ്ടു മക്കളും വണ്ടൂരിലേക്കു പോകാനായി ജീപ്പിൽ കയറിയതായിരുന്നു. എന്നാൽ നാളെ ഒരുമിച്ചു പോയാൽ പോരേയെന്ന മാതാപിതാക്കളുടെ ചോദ്യം കേട്ട് തിരിച്ചിറങ്ങിയ ആ കുട്ടികൾ ഒടുവിൽ മാതാപിതാക്കളോടൊപ്പം മരണത്തിലേക്ക് ഒരുമിച്ച് യാത്രയായിരിക്കുന്നു.
പുലർച്ചെ അഞ്ചോടെയാണ് സമീപത്തെ വീട്ടുകാർ വലിയ ശബ്ദം കേട്ടുണർന്നത്. യൂനുസിന്റെ കുടുംബം പുതിയ വീടിന്റെ മുകൾനിലയിലായിരുന്നു ഉറങ്ങിയിരുന്നത്. ഒരു മുറിയിൽ യൂനുസും ഭാര്യ നുസ്രത്തും ഇളയ 2 മക്കളും. മൂത്ത 2 ആൺമക്കൾ മറ്റൊരു മുറിയിലും. വീട് പൂർണമായും നിലംപൊത്തുകയായിരുന്നു. രക്ഷപ്പെട്ട രണ്ടു മക്കളിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ഇന്നു യൂനുസിന്റെ മാതൃഭവനത്തിൽ നടക്കാനിരുന്ന കുടുംബസംഗമത്തിൽ അവതരിപ്പിക്കാനുള്ള പാട്ടും കഥാപ്രസംഗവും ഒപ്പനയുമൊക്കെ കളിച്ചും പാടിയും ഉറപ്പിക്കുകയായിരുന്നു കുട്ടികൾ രാത്രി ഏറെ വൈകിയും വരെയെന്ന് അയൽവീട്ടുകാർ കണ്ണീരോടെ ഓർത്തെടുക്കുന്നു.