മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ അകപ്പെട്ട കുടുംബങ്ങൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 49 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഇന്നലെ വൈകുന്നേരത്തോടെ നിർത്തിവെച്ചിരുന്നു. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്. ഇന്ന് സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു എങ്കിലും ഇടയ്ക്ക് വീണ്ടും ഉരുൾപൊട്ടിയത് തിരിച്ചടിയായി. ഇതോടെ രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ മറുഭാഗത്താണ് ഇപ്പോൾ ഉരുൾപൊട്ടിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം രാത്രി മണ്ണിനടിയിൽപ്പെട്ടുപോയ വീടുകളിൽ ചിലതിൽ നിന്ന് ആളുകളുടെ കരച്ചിൽ കേട്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ അടിയന്തരപ്രാധാന്യത്തോടെ രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം. ചിലയിടങ്ങളിൽ വീടുകളുടെ കോൺക്രീറ്റ് മുകൾഭാഗം മണ്ണിനുമുകളിൽ കാണാം. ഇവിടങ്ങളിൽ ആദ്യം പരിശോധന നടത്താനാണ് രക്ഷാപ്രവർത്തകസംഘത്തിന്റെ തീരുമാനം. മരങ്ങൾ വെട്ടിമാറ്റിയ ശേഷം ഈ വീടുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തും. അതിന് ശേഷമാകും മറ്റിടങ്ങളിൽ പരിശോധന നടത്തുക.
നാൽപ്പതടിയോളം മണ്ണാണ് വീടുകളുടേയും ആളുകളുടേയും മുകളിലേക്ക് ഇടിഞ്ഞുവീണത്. ഒരേസമയം, മണ്ണ് ഇടിഞ്ഞതും ഉരുൾപൊട്ടിയതുമാണ് കവളപ്പാറയിൽ ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്. ഇതുവരെ രണ്ട് കുട്ടികളുൾപ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
Discussion about this post