പുത്തുമലയില്‍ ജീവന്റെ തുടിപ്പ് തേടി ഫയര്‍ഫോഴ്‌സ്; തെരച്ചിലിനായി നാല്പത് അംഗ ഫയര്‍ഫോഴ്‌സ് സംഘം മാത്രം; ഒരു മൃതദേഹം കൂടി കണ്ടെത്തി

അതിനിടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഇന്നലെ ജീവനോടെ ഒരാളെ കണ്ടെത്തിയിരുന്നു

കല്‍പ്പറ്റ; ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. നാല്പത് അംഗ ഫയര്‍ഫോഴ്‌സ് സംഘം മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് പുത്തുമലയില്‍ ഉള്ളത്. എന്നാല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

അതിനിടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഇന്നലെ ജീവനോടെ ഒരാളെ കണ്ടെത്തിയിരുന്നു. ഇരുപത്തിനാല് മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. വനം, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ വെള്ളിയാഴ്ച പകല്‍ എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

പുത്തുമല സ്വദേശികളായ കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ(23), മണ്ണില്‍വളപ്പില്‍ ഷൗക്കത്തിന്റെ മകന്‍ മുഹമ്മദ് മിസ്തഹ്(മൂന്നര),എടക്കണ്ടത്തില്‍ മുഹമ്മദിന്റെ മകന്‍ അയ്യൂബ്(44), ചോലശേരി ഇബ്രാഹിം(38), കാക്കോത്തുപറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഖാലിദ്(42), കക്കോത്തുപറമ്പില്‍ ജുനൈദ്(20) , പുത്തുമല ശെല്‍വന്‍, തമിഴ്‌നാട് പൊള്ളാച്ചി ശെല്‍വകുമാറിന്റെ മകന്‍ കാര്‍ത്തിക്(27) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. അതെസമയം എത്ര പേരെ കാണാതായി എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

സെന്റിനല്‍ റോക്ക് എസ്റ്റേറ്റിനോടു ചേര്‍ന്ന ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ദുരന്തമുണ്ടായത്. തേയില എസ്റ്റേറ്റിന് നടുവിലെ ചരിഞ്ഞ പ്രദേശത്തേക്ക് വന്‍ ശബ്ദത്തോടെ മണ്ണിടിഞ്ഞുവരുകയായിരുന്നു. എസ്റ്റേറ്റിലെ ആറു മുറികള്‍ വീതമുള്ള രണ്ട് പാടികള്‍, മൂന്ന് ക്വാര്‍ട്ടേഴ്‌സുകള്‍, പോസ്റ്റ് ഓഫീസ്, ക്ഷേത്രം, മുസ്ലിം പള്ളി, എസ്റ്റേറ്റ് കാന്റീന്, ഡിസ്‌പെന്‍സറി എന്നിവ മണ്ണിനടിയിലായി. ഒട്ടേറെ വാഹനങ്ങളും വെള്ളത്തിനടിയിലായി.

മഴ കനത്തു പെയ്യുന്ന സാഹചര്യത്തില്‍ അപകട സാധ്യത മുന്നില്‍ക്കണ്ട് പുത്തുമല പ്രദേശത്തുനിന്നു 163 പേരെ വനപാലകരും നാട്ടുകാരും ചേര്‍ന്നു വ്യാഴാഴ്ച വൈകുന്നേരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. മാറിത്താമസിക്കാന്‍ കൂട്ടാക്കാതിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version