നാടിനെ നടുക്കിയ വയനാട് പുത്തുമലയിലെ ഉരുള്‍പൊട്ടലിന്റെ ഭീതി ഒഴിയുന്നതിനിടെ പ്രദേശത്ത് വീണ്ടും മലവെള്ളപ്പാച്ചില്‍. രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ പ്രദേശത്ത് വീണ്ടും മഴകനത്തതിനാല്‍ പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാനായില്ല.
സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ കഴിഞ്ഞദിവസമാണ് വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നിരവധി ആളുകള്‍ പാര്‍ക്കുന്ന പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ എത്രപേര്‍ മണ്ണിനടിയിലുണ്ടെന്ന് ഇനിയും വ്യക്തതയില്ല. കഴിഞ്ഞദിവസം ഏറെ വൈകിയിട്ടും ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ 10 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്ന് വീണ്ടും കേന്ദ്രസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തടസ്സമായിരിക്കുകയാണ്. പ്രദേശമാകെ വീണ്ടും കുത്തിയൊലിച്ചു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തിന്റെ സമീപപ്രദേശങ്ങളില്‍ നിന്ന് താമസക്കാരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ഇനിയും ജനങ്ങള്‍ മുക്തരായിട്ടില്ലെന്ന് ക്യാമ്പിലെ ഡോക്ടര്‍മാര്‍ പറയുന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ സെന്റിനല്‍ റോക്ക് എസ്റ്റേറ്റിനോടുചേര്‍ന്ന ഭാഗത്തായാണ് ദുരന്തമുണ്ടായത്. ഉഗ്രശബ്ദത്തോടെ തേയില എസ്റ്റേറ്റിന് നടുവിലെ ചരിഞ്ഞ പ്രദേശത്തേക്ക് പെട്ടെന്ന് മണ്ണിടിഞ്ഞുവരുകയായിരുന്നു. പ്രദേശത്തെ പാടികള്‍ അമ്പലം, മുസ്ലീം പള്ളികള്‍ എന്നിവ മണ്ണിനടിയിലായി. എത്രപേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമല്ല.
ഇതിനിടെ കഴിഞ്ഞ ദിവസം മണ്ണിനടിയില്‍ കുടുങ്ങിയ ഒരാളെ ജീവനോടെ കണ്ടെത്തി. ഇരുപത്തിനാല് മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. എട്ട് മൃതദേഹം പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത്. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.
സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഗ്നിരക്ഷാസേനയെക്കൂടാതെ എണ്‍പതോളം എന്‍ഡിആര്‍എഫ്, ഡിഎസ്സി സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തിയിരുന്നത്. പ്രദേശത്ത് തുടരുന്ന കനത്തമഴയെ തുടര്‍ന്ന് തത്ക്കാലത്തേക്ക് തിരച്ചില്‍ നിര്‍ത്തി. മഴ കുറയുന്നതോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും.
Discussion about this post