മേപ്പാടി: വയനാട് മേപ്പാടി പുത്തുമലയിൽ ഉണ്ടായത് വൻദുരന്തമെന്ന് പ്രദേശവാ സികളുടെ വാക്കുകളിൽ നിന്നുംവ്യക്തം. ഉരുൾപൊട്ടലിൽ നൂറ് ഏക്കറോളം സ്ഥലമാണ് ഒലിച്ചുപോയത്. നാല് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. പതിനഞ്ചോളം പേകെ കാണാനില്ലെന്ന് ഒലിച്ചുപോയ പള്ളിയിലെ വികാരിയായ ഫാ. വില്യംസ് പറഞ്ഞു. 40ഓളം പേരെ കുറിച്ച് വിവരമില്ലെന്ന് പ്രദേശവാസികളും പറയുന്നു.
കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷൻമാരും ഉൾപ്പെടുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടിയാണ് ഒലിച്ചുപോയത്. മരിച്ച പുരുഷൻ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, പുത്തുമലയിൽ ഇടയ്ക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
തെരച്ചിലിന് സൈന്യവും രംഗത്തിറങ്ങി. രക്ഷാനടപടികൾ കാര്യക്ഷമമല്ലെന്ന് സിപിഎം ജില്ലാസെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. കൂടുതൽ ആളുകളും മണ്ണുമാന്തിയന്ത്രങ്ങളും വേണമെന്നും ഗഗാറിൻ ആവശ്യപ്പെട്ടു.
മലപ്പുറം എടവണ്ണയിൽ വീട് ഇടിഞ്ഞുവീണ് നാല് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മുതൽ ഗുരുതരമായ സ്ഥിതിയിലുള്ള നിലമ്പൂരിൽ കനത്ത മഴ തുടരുകയാണ്. ഭൂതാനം കവളപ്പാറയിൽ ഉരുൾപൊട്ടി. 30 ഓളം വീടുകൾ മണ്ണിനടിയിലായി. ഏതാണ്ട് 65 ലേറെ വീടുകളുള്ള പ്രദേശമാണിത്.കൂടുതൽ ആളുകൾ മണ്ണിനടിയിൽപെട്ടിട്ടുണ്ടെന്നാണ് വിവരം. രക്ഷപ്പെട്ടവർ മരങ്ങൾക്കും പാറകൾക്കും മുകളിൽ കയറി നിൽക്കുകയാണെന്നാണ് വിവരം. മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി.
Discussion about this post