കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്തമഴ തുടരുന്നു. നിലമ്പൂരിലും ഇടുക്കിയിലും വയനാട്ടിലും കണ്ണൂരിലും വെള്ളപ്പൊക്കം. വിവിധയിടങ്ങളിലായി എട്ട് പേര്‍ മരിച്ചു. മുക്കം, മാവൂര്‍, നിലമ്പൂര്‍, എടവണ്ണ, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി. ഭൂതത്താന്‍കെട്ട്, മലങ്കര, കല്ലാര്‍ുട്ടി, പെരിങ്ങല്‍കുത്ത്, മംഗലം ഡാമുകള്‍ തുറന്നു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴ തുടരുന്നതിനാല്‍ പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും നാളെ അവധിയായിരിക്കും. നാളത്തെ പിഎസ്‌സി പരീക്ഷകളെല്ലാം മാറ്റി. എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകളും മാറ്റി.
കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരം പൂര്‍ണമായും വെള്ളത്തിലായി ഒറ്റപ്പെട്ടു. ഇരിക്കൂര്‍ തളിപ്പറമ്പ് സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. കടകളെല്ലാം പകുതിയോളം മുങ്ങി. സമീപപ്രദേശത്തെ വീടുകളിലും വെള്ളം കയറി.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. ടൗണില്‍ രണ്ട് മീറ്ററിലധികം വെള്ളമുയര്‍ന്നു. കരുളായിയില്‍ ഉരുള്‍പൊട്ടി. നിലമ്പൂരില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും.
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉടന്‍ എത്തും. നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആയിരത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു. റോഡുകളില്‍ മണ്ണിടിഞ്ഞുവീണതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്.
കോഴിക്കോട് വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതും ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും ജലനിരപ്പുയര്‍ന്നതും ആശങ്കയുയര്‍ത്തുന്നു. കോഴിക്കോട് പശുക്കടവിലും, പൂഴിത്തോടും, താമരശ്ശേരി ചുരത്തിലെ മരുതിലാവ് മലയിലും കണ്ണപ്പന്‍കുണ്ടിലും ഉരുള്‍പൊട്ടി. അടിവാരം -തുഷാരഗിരി റോഡിലെ നൂറാംതോട് പാലം തകര്‍ന്നു. പലയിടത്തും ഗതാഗതതടസമാണ്.
കോട്ടയം കുമളി റോഡില്‍ ബസ് ഗതാഗതം നിര്‍ത്തിവച്ചു. ഇടുക്കി മാങ്കുളത്തേക്കുള്ള എല്ലാറോഡുകളിലും മണ്ണിടിച്ചില്‍ മൂലം ഗതാഗതതടസമാണ്. അതിരപ്പിള്ളി വാല്‍പ്പാറ പാതയില്‍ യാത്രാനിരോധനം പ്രഖ്യാപിച്ചു. മാനന്തവാടി മൈസൂരു പാത തടസപ്പെട്ടു.
മഞ്ചേരി-നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗതം മുടങ്ങി. നാടുകാണി ചുരം റോഡിലും അരീക്കോട് എടവണ്ണപ്പാറ-കോഴിക്കോട് റോഡിലും ഗതാഗതടസമാണ്. പല ട്രെയിനുകളും വൈകിയോടുകയാണ്. പമ്പയാറ്റിലും പെരിയാറ്റിലും ജലനിരപ്പുയര്‍ന്നു. പമ്പത്രിവേണി വെള്ളത്തില്‍ മുങ്ങി.
എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പെരിയാറില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. പെരിയാറിന്‍ തീരത്ത് മരത്തില്‍ അഭയം തേടിയയാള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണ് കാണാതായി.
തൃശൂര്‍ ജില്ലയിലെ ചാലക്കുടി അതിരപ്പിള്ളി മേഖലയില്‍ കനത്ത മഴയാണ്. പെരിങ്ങല്‍കുത്ത് ഡാം തുറന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടുകയും നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മലക്കപ്പാറയില്‍ ഉരുള്‍പൊട്ടി. അതിരപ്പിള്ളി വാല്‍പ്പാറ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ കനത്ത മഴ തുടരുകയാണ്. വാഗമണിലും ആനചാരി മേക്കുന്നിലും ഉരുള്‍പൊട്ടി. മുണ്ടക്കയത്ത് വീടുകളില്‍ വെള്ളം കയറി. ഈരാറ്റുപേട്ട – പാലാ റോഡില്‍ പലയിടത്തും വെള്ളം കയറി. പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആലപ്പുഴയില്‍ കനത്ത കാറ്റുവീശിയതിനേത്തുടര്‍ന്ന് വീടുകള്‍ തകര്‍ന്നു. അപ്പര്‍ കുട്ടനാട്ടിലെ പലയിടത്തും കനത്ത മഴ നാശനഷ്ടം വിതച്ചു.
കണ്ണൂര്‍ മട്ടന്നൂര്‍ കുഴിക്കലില്‍ തോട്ടില്‍വീണ് കെ പത്മനാഭന്‍, അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരംവീണ് ഷോളയൂര്‍ ഊരിലെ കാര, വെള്ളംകയറിയ വീട് ഒഴിയുന്നതിനിടെ തളര്‍ന്നുവീണ് പനമരത്ത് മുത്തു, എന്നിവര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് രാജശേഖരന്‍ നിത്യ ദമ്പതികളുടെ ഒരുവയസായ മകള്‍ മരിച്ചു.
കോതമംഗലം തലവച്ചപാറയില്‍ ഉരുള്‍പൊട്ടി ഒരു ചപ്പാത്ത് ഒലിച്ചുപോയി. ഇടുക്കി എലപ്പാറ, കട്ടപ്പന വി.ടി നഗര്‍, കീരിത്തോട്, വണ്ടിപ്പെരിയാര്‍ ചെങ്കര, കണ്ണൂര്‍ അടയ്ക്കാത്തോട്, നെല്ലിയോട്, മലപ്പുറം കരുളായി, പാലക്കാട് സൈലന്റ് വാലി, മണ്ണാര്‍കാട് തൃശൂര്‍ മലക്കപ്പാറ, എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.
കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
Discussion about this post