കണ്ണൂര്‍: സംസ്ഥാനത്ത് മഴ കനക്കുകയാണ്. പലയിടങ്ങളിലും പ്രളയസമാനമായി മാറിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇവിടെ കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ക്ഷേത്രത്തിനകത്ത് വെള്ളംകയറിയത്.
ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള ഭക്തജനങ്ങളെ തോണികളില്‍ പുറത്തെത്തിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ മഴ ശക്തിപ്രാപിച്ചിരുന്നു. ഇരിട്ടി, ശ്രീകണ്ഠാപുരം, പറശ്ശിനിക്കടവ്, കൊട്ടിയൂര്‍, കേളകം തുടങ്ങിയ മേഖലകളിലാണ് മഴ ശക്തമായിരിക്കുന്നത്.
ബാവലിപ്പുഴയും വളപട്ടണം പുഴയും ചീങ്കണ്ണിപ്പുഴയും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ചപ്പമലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇരിട്ടിയില്‍ ഇതിനോടകം നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. കൊട്ടിയൂര്‍ പാല്‍ച്ചുരം മാനന്തവാടി റോഡിലും ഗതാഗത തടസമുണ്ടായി.
Discussion about this post