തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങിങ്ങായി കനത്തമഴയും ഉരുൾപൊട്ടലും കാറ്റും ശക്തമായതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴക്കെടുതികളിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്.
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ അവധി ഭാഗികമാണ്.
കനത്ത മഴയെ തുടർന്ന് മലപ്പുറം, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടൽ ഉണ്ടായി. നിലമ്പൂർ കരുളായി മുണ്ടാകടവ് കോളനിയിൽ ഉരുൾപൊട്ടി. ആളപായമില്ല. പരിസരത്തെ റോഡിൽ രണ്ടാൾപ്പൊക്കത്തിലാണ് വെള്ളം കയറിയിരിക്കുന്നത്. ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. കണ്ണൂർ കൊട്ടിയൂരിലും ഉരുൾപൊട്ടൽ ഉണ്ടായി. ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇരിട്ടി നഗരം വെള്ളത്തിനടിയിലായി. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരിക്കൂർ, നിടുവള്ളൂർ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
Discussion about this post