നിലമ്പൂർ: കനത്ത മഴയിൽ മുങ്ങി നിലമ്പൂർ ടൗണും പരിസരവും. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി. നിലമ്പൂർ ടൗണിലെ റോഡുകളിൽ രണ്ടാൾപ്പൊക്കത്തിലാണ് വെള്ളമുയർന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂർണമായും വെള്ളത്തിനടിയിലായി. പ്രദേശത്തെ വീടുകളും വെള്ളത്തിൽ മുങ്ങി. ചാലിയാറിൽ വെള്ളം ഉയരുന്ന സാഹചര്യത്തിൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിമുതൽ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. വനമേഖലയിൽ പലയിടത്തും ഉരുൾപൊട്ടലുമുണ്ടായതോടെയാണ് നിലമ്പൂരിൽ വെള്ളമുയർന്നത്. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളിൽനിന്നും ജനങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാൻ വിസമ്മതിക്കുന്നതായാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയിൽ പലരും വീടുകളുടെ രണ്ടാംനിലയിൽ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ട്.
നെടുങ്കയം, മുണ്ടക്കടവ് കോളനികളിൽ നൂറിലധികം പേരാണ് കുടുങ്ങികിടന്നത്. ഇവരെ വ്യാഴാഴ്ച രാവിലെയോടെ അഗ്‌നിരക്ഷാസേനാംഗങ്ങൾ, ട്രോമാകെയർ പ്രവർത്തകർ എന്നിവർ ചേർന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ, വ്യാഴാഴ്ച പുലർച്ചെ മുതൽ പ്രദേശത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജലനിരപ്പും ഉയരുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂരിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഒരുവർഷത്തിന് ശേഷം വീണ്ടും അതേ സാഹചര്യം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.