കലിതുള്ളി കാലവര്‍ഷം; മൂന്നാറില്‍ വെള്ളപ്പൊക്കം; വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്

കൊച്ചി: മഴ കനത്തതോടെ കേരളത്തില്‍ വ്യാപക നഷ്ടം. ഇടുക്കിയിലെ മൂന്നാറില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദീതിരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് വ്യാപകനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മിക്കയിടങ്ങളിലെയും വീടുകളില്‍ വെള്ളം കയറിയതിനാല്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളിലും വെള്ളം കയറി.

അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മണികണ്ഠന്‍ ചാല് വെള്ളത്തില്‍ മുങ്ങിയ കോതമംഗലം ജവഹര്‍ കോളനിയിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു. ലോവര്‍ പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നദീതീരങ്ങളിലുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത കാറ്റിലും മഴയിലും വടക്കന്‍ കേരളത്തിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്ത്രത്തില്‍ വെള്ളം കയറി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കണിച്ചാറില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞ് ഒഴുകി. കക്കയം ഡാം സൈറ്റ് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

Exit mobile version