കൊച്ചി: നിലവാരമില്ലാത്ത തേയില വിപണി വിലയേക്കാൾ കൂടുതൽ വിലയ്ക്ക് വാങ്ങി സപ്ലൈകോയ്ക്ക് ഒന്നര കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഡെപ്യൂട്ടി മാനേജർ ഷെൽജി ജോർജിന് സസ്പെൻഷൻ. കമ്പനികളുമായി ഒത്തുകളിച്ച് നിലവാരം കുറഞ്ഞ തേയില വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് വാങ്ങിയെന്നാണ് സപ്ലൈകോ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി കേസ് വിജിലൻസിന് കൈമാറാനും സപ്ലൈകോ എംഡി കെഎൻ സതീഷ് സർക്കാരിനോട് ശുപാർശ ചെയ്തു.
സ്വന്തം തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്ന തേയില മാത്രമേ നൽകാൻ പാടുള്ളുവെന്നാണ് സപ്ലൈകോയുടെ വ്യവസ്ഥ. എന്നാൽ സപ്ലൈകോയിലെ ഡെപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേർന്ന് മറ്റിടങ്ങളിൽ ഉൽപാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില പത്തുമുതൽ പതിനഞ്ച് രൂപവരെ കൂട്ടി സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചെന്നാണ് കേസ്.
കഴിഞ്ഞ ജനുവരി രണ്ടുമുതൽ ജൂലൈ 25 വരെയായിരുന്നു ഈ ക്രമക്കേട് നടന്നത്. ആഭ്യന്തര വിജിലൻസ് വിഭാഗം കൊച്ചിയിലെ ടീ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ഒരുകോടി അമ്പത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് രൂപയുടെ നഷ്ടം ഈ ഇടപാടിലൂടെ സപ്ലൈകോയ്ക്ക് ഉണ്ടായതായി കണ്ടെത്തുകയായിരുന്നു. കൂടാതെ, എസ്റ്റേറ്റുമായുള്ള ലേലം നടക്കുമ്പോൾ ദിവസ വേതനക്കാരുമായി ചേർന്ന് ഷെൽജി രണ്ടു ലക്ഷത്തോളം രൂപ ഉടമയിൽ നിന്ന് പാരിതോഷികമായി കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ. സപ്ലൈകോയ്ക്ക് വേണ്ട 13.74 ലക്ഷം കിലോ തേയിലയിൽ 32ശതമാനവും ക്രമക്കേട് നടത്തിയ എസ്റ്റേറ്റുകളിൽ നിന്നാണ് വാങ്ങിയിരുന്നത്.
Discussion about this post