റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു; വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്കെതിരെ നടപടി

കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറിക്കടിയില്‍പ്പെട്ടു മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ അറസ്റ്റില്‍. അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനോജിനെ മെഡിക്കല്‍ കോളേജ് പോലീസാണ് അറസ്റ്റ് ചെയ്തത്. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ബിനോജ് കുമാറിനെതിരെ ഐപിസി 304- എ വകുപ്പ് പ്രകാരം മരണത്തിന് കാരണമാവുന്ന അശ്രദ്ധ എന്ന വകുപ്പില്‍ കേസെടുത്തതായി മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് മലാപ്പറമ്പ് സ്വദേശി പികെ അജിത (44) മരിച്ചത്.

കനത്ത മഴയില്‍ വെള്ളം നിറഞ്ഞതു കാരണം റോഡിലെ കുഴി അജിതയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് സമാന ദിശയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കടിയിലേക്ക് അജിത തെറിച്ചു വീഴുകയായിരുന്നു. അജിത സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. സ്‌കൂട്ടറില്‍ അജിതയ്‌ക്കൊപ്പം ഉണ്ടായിരുന്ന മകള്‍ രേവതിയെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

Exit mobile version