തൃശ്ശൂർ: ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ഒറ്റ ഷോട്ടിലെടുത്ത ആദ്യ മലയാള സിനിമയെന്ന ഗിന്നസ് റെക്കോർഡ് നേടിയ ചിത്രത്തിന്റെ സംവിധായകൻ നിഷാദ് ഹസനെ (33) കാറിൽ സഞ്ചരിക്കവെ ആക്രമിച്ച് തട്ടിക്കൊണ്ടു പോയി. ഭാര്യ പ്രതീഷയാണ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
തൃശ്ശൂർ പാവറട്ടിയിൽ മുള്ളൂരുവെച്ച് കാറിൽ പോകുന്ന സമയത്ത് ഗുണ്ടാസംഘം പിന്തുടർന്നെത്തി കാർ തടഞ്ഞ് ആക്രമിച്ചാണ് നിഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് ഭാര്യ പ്രതീഷ പരാതിയിൽ പറയുന്നു. പേരാമംഗലം പോലീസ് എസ്ഐ കെസി ബൈജുവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ ആഴ്ചയാണ് നിഷാദിന്റെ സിനിമ തീയ്യേറ്ററിൽ റിലീസ് ചെയ്തത്.
ആയിരത്തിലേറെ അഭിനേതാക്കളും നാല് ഫൈറ്റ് രംഗങ്ങളും 8 ഗാനരംഗങ്ങളും 4 ഫ്ളാഷ് ബാക്ക് സീനുകളുമൊക്കെയായിട്ടായിരുന്നു രണ്ട് മണിക്കൂർ കൊണ്ട് ഒറ്റഷോട്ടിൽ നിഷാദ് സിനിമ ഒരുക്കിയിരുന്നത്. ചിത്രത്തിൽ നിഷാദും പ്രധാനവേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. സിനിമയുടെ ആദ്യ നിർമ്മാതാവുമായി ചില പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്. പിന്നീട് പുതിയ നിർമ്മാതാവായിരുന്നു ചിത്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഓഗസ്റ്റ് രണ്ടിനായിരുന്നു ചിത്രം റിലീസായത്.
Discussion about this post