തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയും കുത്തുകേസിൽ പ്രതിയുമായ മുൻ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷാ ഫലത്തിലും സംശയമുയരുന്നു. നാലാം ശ്രമത്തിൽ മാത്രം ആദ്യ സെമസ്റ്ററിൽ കടന്നുകൂടിയ ശിവരഞ്ജിത്തിന് അവസാന സെമസ്റ്ററുകളിൽ ലഭിച്ച ഉയർന്ന മാർക്കാണ് സംശയമുയർത്തിയിരിക്കുന്നത്.
ആദ്യ സെമസ്റ്റർ നാലാം ശ്രമത്തിൽ വിജയിച്ച ശിവരഞ്ജിത് എന്നാൽ അവസാന രണ്ട് സെമസ്റ്ററുകളിൽ 70 ശതമാനത്തിലധികം മാർക്കു നേടിയാണ് വിജയിച്ചത്. ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയായ ശിവരഞ്ജിത് 2014 ലിലാണ് ആദ്യ സെമസ്റ്റർ എഴുതിയത്. അന്ന് ആറ് വിഷയങ്ങളിൽ ആകെ ജയിച്ചത് ഒരു വിഷയത്തിൽ മാത്രം. തുടർന്ന് രണ്ടാമത്തെ ശ്രമത്തിൽ മൂന്നു വിഷയത്തിൽ ജയിച്ചു. നാലാമത്തെ ശ്രമത്തിലാണ് എല്ലാ വിഷയത്തിലും ജയിക്കുന്നത്. അഞ്ചാം സെമസ്റ്ററിൽ ഫിസിക്കൽ കെമിസ്ട്രിയിൽ 80 മാർക്ക് ലഭിച്ചു. ഇനോർഗാനിക് കെമിസ്ട്രി തേർഡ് പേപ്പറിന് 63 മാർക്കും എത്തിക്കൽ കെമിസ്ട്രിയിൽ 81 ഉം പ്രാക്ടിക്കലിന് 74 ഉം മാർക്ക് നേടാൻ സാധിച്ചു.
ആറാം സെമസ്റ്ററിൽ ഓർഗാനിക് കെമിസ്ട്രിക്ക് രണ്ടാം പേപ്പറിന് 78 മാർക്കും ഫിസിക്കൽ കെമിസ്ട്രി തേർഡിൽ 78 മാർക്കും. പ്രോജക്ട് ഉൾപ്പെടുന്ന, അധ്യാപകർ മാർക്ക് നൽകുന്ന ഇന്റേണൽ അസസ്മെന്റ് പോലെയുള്ള വിഷയങ്ങളിൽ 80 മാർക്ക് നേടാനും ശിവരഞ്ജിത്തിന് സാധിച്ചു.
അതിനിടെ യൂണിവേഴ്സിറ്റി പരീക്ഷാ ചോദ്യപേപ്പർ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അധ്യാപകരേയും മുൻ പ്രിൻസിപ്പാൾമാരേയും ചോദ്യം ചെയ്തു. അധ്യാപകർക്ക് പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.