തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളായ ശിവരഞ്ജിതും നസീമും ഉൾപ്പടെയുള്ള എസ്എഫ്‌ഐ നേതാക്കൾ പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നതിന് കൂടുതൽ തെളിവുകൾ. സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കൻറോൺമെന്റ് സിഐ സിറ്റി പോലീസ് കമ്മീഷണറോട് ശുപാർശ ചെയ്തു.
പിഎസ്‌സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളും വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായ ഇവർ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. മൂന്നുപേർ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. പരീക്ഷസമയത്ത് ഇവർ മൂന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷക്കിടെ മൂന്ന് പേരുടെയും മൊബൈൽ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകൾ വന്നെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും പിഎസ്‌സി ശുപാർശ ചെയ്തിരുന്നു. കേരള പോലീസിന്റെ സൈബർ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‌സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്.
പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുമുണ്ട്. റാങ്ക് ലിസ്റ്റ് മരവിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പിഎസ്‌സി ചർച്ച പുരോഗമിക്കുകയാണ്.
അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തിയതാകാമെന്നാണ് ഉയരുന്ന മറ്റൊരു സംശയം. ചോദ്യപേപ്പർ വാട്‌സ്ആപ്പ് വഴി മൂവർക്കും ലഭിച്ചിരിക്കാം.മൊബൈൽ ഫോൺ സ്മാർട്ട് വാച്ചുമായി ബന്ധിപ്പിച്ച് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
Discussion about this post