പൂണെ: കനത്തമഴ തുടരുന്ന മഹാരാഷ്ട്രയിൽ അപകടത്തിൽ പെട്ട് മലയാളി യുവാവിനെ കാണാതായി. സത്താറ ജില്ലയിലെ കൊയ്ന അണക്കെട്ടിനടുത്ത് കാർ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിലാണ് പൂണെ വഡ്ഗാവ്ശേരിയിൽ താമസിക്കുന്ന കണ്ണൂർ പെരളശ്ശേരി സ്വദേശി ശശി നമ്പ്യാരുടെ മകൻ വൈശാഖ് നമ്പ്യാരെ (40) കാണാതായത്. ഈ അപകടത്തിൽ ഒരാൾ മരിക്കുകയും കൂടെയുണ്ടായിരുന്ന മലയാളിയെ കാണാതാവുകയും ചെയ്തു. ശനിയാഴ്ച വൈശാഖും സുഹൃത്ത് നിതീഷ് ഷേലാരും കൊയ്ന അണക്കെട്ടിലേക്ക് വിനോദയാത്രപോയതായിരുന്നു. തിരികെ പുറപ്പെട്ട ഇവർ രാത്രി 11 മണിയോടെ സഞ്ചരിച്ചിരുന്ന കാർ പബൽ നാല എന്ന സ്ഥലത്ത് 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെടുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.
ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് അപകടത്തിൽപ്പെട്ട കാർ ശ്രദ്ധയിൽപ്പെട്ട് പോലീസിനെ അറിയിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഡ്രൈവിങ് സീറ്റിൽ നിന്നും നിതീഷ് ഷേലാറിന്റെ മൃതദേഹം ലഭിച്ചു. ഞായറാഴ്ച ആർഡിഒ, പോലീസ്, വനംവകുപ്പ്, മുങ്ങൽവിദഗ്ധർ, പ്രദേശവാസികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല. ശക്തമായ മഴയും പ്രതികൂലകാലാവസ്ഥയും തിരച്ചിലിനു തടസ്സമായിട്ടുണ്ട്. അപകട വിവരമറിഞ്ഞ് തിങ്കളാഴ്ച പൂണെയിൽനിന്ന് ബന്ധുക്കളും വഡ്ഗാവ്ശേരി മലയാളിസമാജത്തിന്റെ പ്രവർത്തകരും കൊയ്നയിൽ എത്തിയിരുന്നു.
കുടുംബസമേതം ന്യൂസീലാൻഡിൽ താമസിക്കുന്ന വൈശാഖ് ഔദ്യോഗികാവശ്യത്തിനായി അടുത്തിടെയാണ് പുണെയിലെത്തിയത്.
Discussion about this post