തൃശ്ശൂര്‍: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ അകാല നിര്യാണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളി സമൂഹം ഇതുവരെ ഉണര്‍ന്നിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് അകാലത്തില്‍ പൊലിഞ്ഞത് അതിരുകളില്ലാത്ത സൗഹൃദത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ കര്‍മ്മോത്സുകനായ യുവ പത്ര പ്രവര്‍ത്തകനാണ്. കെഎംബിയെ കുറിച്ചുള്ള സുഹൃത്തുക്കളുടെ അടയാളപ്പെടുത്തലുകള്‍ സോഷ്യല്‍മീഡിയയില്‍ കണ്ണീരണിയിക്കുകയാണ്.
കൊല്ലപ്പെട്ട ബഷീര്‍ ശ്രീറാമിന് എഴുതുന്ന കത്തെന്ന തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. രാരിമ ശങ്കരന്‍കുട്ടിയാണ് ബഷീറിന്റെ വാക്കുകളായി കത്തെഴുതിയിരിക്കുന്നത്.
”ശ്രീറാം സർ,
നമ്മളൊരിക്കൽ കണ്ട് മുട്ടിയത് ഓർക്കുന്നുണ്ടോ? ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കലിനിടെ സബ് കളക്ടറായിരുന്ന ശ്രീറാമിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോഴായിരുന്നു അത്. അന്ന് മാധ്യമപ്പട തിക്കിത്തിരക്കും മുമ്പേ ഞാനും എത്തിയിരുന്നു. പൊതുവെ aggressive അല്ലാത്തതുകൊണ്ടാകും ഒരൊടിത്ത് ഒതുങ്ങി നിന്ന് bite എടുത്തു കൊണ്ടിരുന്ന എന്നോട്
കണ്ണിൽ ചിരിവിടർത്തി ഒരു കഥകളിക്കാരനെ പോലെ പുരികം പൊക്കി ‘മുന്നിൽ ഇടമുണ്ടല്ലോ ‘ എന്ന് സാർ ആംഗ്യം കാണിച്ചു. ഞാൻ സാവകാശം മുൻനിരയിലേക്ക് നീങ്ങി. നിങ്ങൾ കാഷ്വൽ ആയി എന്റെ ചുമലിൽ തട്ടി. നിങ്ങളെപ്പറ്റി എന്നും നല്ലതു പറയുവാനെ എനിക്ക് കഴിഞ്ഞിട്ടുള്ളു. പലപ്പോഴും ആരെയും കൂസാതെ എന്തും വെട്ടിത്തുറന്നു പറയുന്ന ഇതുപോലുള്ള ഉദ്യോഗസ്ഥർ സമൂഹത്തിൽ ആവശ്യമാണെന്ന് ജസീലയോട് എത്ര
വാദിച്ചിരുന്നെന്നൊ ഞാൻ .
ദേവികുളം താലൂക്കും അവിടുത്തെ സബ് കളക്ടർമാരും എന്നും ലൈംലൈറ്റിൽ നിൽക്കാറുണ്ടെങ്കിലും എട്ടു വർഷത്തിനിടെ ദേവികുളത്ത് 14 സബ്കളക്ടർമാർ മാറി വന്നതിൽ ചിലർ വന്നവണ്ടിയിൽ തിരികെപ്പോയിരുന്നു. ശേഷം സാബിൻ സമീദും എൻ ടി എൽ റെഡ്ഡിയും കഴിഞ്ഞ് എത്തിയ നിങ്ങൾ എത്ര ശക്തമായ നടപടികളാണ് സ്വീകരിച്ചത് !! ഏയ് നിങ്ങൾ ആശങ്കപ്പെടണ്ട. അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതും റിസോർട്ട് മാഫിയയുടെ ചങ്കിൽ ചവിട്ടുകയും ചെയ്ത് ഹീറോ ആയ നിങ്ങൾക്ക് പലരും പറയും പോലെ
ഒന്നും നഷ്ടമായിട്ടില്ല. സംഭവം നടന്ന് രക്തപരിശോധനയ്ക്കുള്ള സമയം വൈകുന്തോറും മദ്യത്തിന്റെ അളവ് കുറഞ്ഞ് വരുമെന്നും ആ സാഹചര്യത്തിൽ ആവശ്യമുള്ള അളവില്ലാത്ത പക്ഷം സംഭവം ജാമ്യമില്ലാ വകുപ്പില്‍ നിന്ന് മാറുമെന്നും നിങ്ങൾ ഊരിപ്പോരുമെന്നും പറഞ്ഞു കേട്ടു.സാധാരണക്കാരിൽ സാധാരണക്കാരനായ എനിക്കാണ് എനിക്ക് മാത്രമാണ് പോയത്.പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്താറുള്ള നിങ്ങളുടെ പേരിന്റെ സ്ഥലത്ത് എഴുതിയിരിക്കുന്നത് ‘അജ്ഞാതൻ’ എന്നാണത്രെ.. വാസ്തവത്തിൽ അധ്വാനത്തിലും പ്രാരാബ്ധത്തിലും കൂടെ മാത്രം ജീവിതത്തിന്റെ പച്ചില എത്തിപ്പിടിക്കാൻ പെടാപ്പാടുപെടുന്ന എന്നെപ്പോലുള്ളവർ മരിച്ചാൽ അത് മൃത്യുവിന്റെ ലിസ്റ്റിൽ പോലും കാണില്ല.നീതി ലഭ്യമാകണമെങ്കില്‍ കോടതിമുറികള്‍ ഞങ്ങൾ നിസ്സാരക്കാരെ
തുണക്കുമോ?ചോര നീരാക്കി നാല് മാസം മുമ്പ് പണികഴിപ്പിച്ച പുതിയ വീട്ടിൽ അവർക്കൊപ്പം താമസിച്ച് കൊതി തീർന്നില്ല സാറെ.വാർത്തകളില്ലാത്ത ലോകത്തേക്ക് ഞാൻ മടങ്ങിപ്പോയപ്പോൾ അനാഥരായതാണ് എന്റെ പൊന്ന് ജന്നയും , അസ്മിയും .ഇക്കാന്ന് വിളിച്ചുള്ള ജസീലയുടെ കരച്ചിൽ ഇവിടെ വരെ കേൾക്കുന്നുണ്ട്. പണവും അധികാരവും അതിരുതിരിക്കുന്ന നാട്ടിൽ അവർക്ക് അതിജീവിക്കാനാകുമോ എന്നും ഭയമുണ്ടെനിക്ക്.ഇലകളിൽ കാറ്റുവന്നടിക്കുന്ന ശബ്ദം പോലും ഇപ്പോൾ ഒരു തേങ്ങലായാണ് കാതിൽ മുഴങ്ങുന്നത്.
കുടുംബത്തിന്റെ നെടും തൂണായ എന്റെ ഖബറിൽ മണ്ണ് വീഴും മുൻപ് തള്ളിപ്പറയുന്നവരേയും കണ്ടു.ഇനിയും ബഷീർമാർ ഉണ്ടാവും. അപ്പോഴെല്ലാം നമ്മൾ ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റുകൾ നിറച്ച് പ്രതികരിക്കും .മെല്ലെ പുതിയ വാർത്തകളിലേക്ക് കൂറുമാറും.
വഫഫിറോസ് വിവാഹിതയാണോ മോചിത യോണോ എന്ന് ചികയുന്ന
സംസ്കാരസമ്പന്നതയുടെ പൊയ്മുഖം വലിച്ചെറിഞ്ഞ് നീതി നേടിത്തരാൻ എന്റെ മാധ്യമ സുഹൃത്തുക്കൾക്കൊപ്പം ജനങ്ങളും ഉണ്ടാകും എന്ന് ഉറപ്പുണ്ട്. സത്യസന്ധമായി ജീവിക്കുന്നവർക്ക് മരണത്തെ ഭയമില്ല.പക്ഷെ സാറിന് ഇനി ഭീരുവാകാതെ പറ്റില്ലല്ലൊ. ഞാൻ ബാക്കി വെച്ച ഓളങ്ങളും അലകളും ഭൂമിയിൽ ഉണ്ടായിരുക്കുന്നിടത്തോളം കാലം കാത്തിരിപ്പ് തുടരും ,നീതിക്കപ്പുറം സഹജീവി എന്ന ഓർമ്മകൾ ഉടലെടുക്കുന്ന നാളിനായ്!
ബഷീർ”
Discussion about this post