തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ക്രമക്കേട് സ്ഥിരീകരിച്ച് പിഎസ്സി. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്ന് നീക്കി. ഇവരെ പിഎസ്സി തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും കമ്മീഷന് തീരുമാനിച്ചു.
ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തണമെന്നും പിഎസ്സി ആവശ്യപ്പെട്ടു. എസ്എഫ്ഐ യൂണിറ്റ് മുന്‍പ്രസിഡന്റായ ശിവരഞ്ജിത്ത് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ്. മുന്‍സെക്രട്ടറി നസീം 28ാം റാങ്കുകാരനും മറ്റൊരു പ്രതിയായ പ്രണവ് രണ്ടാം റാങ്കുകാര
നുമാണ്. വധശ്രമക്കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. എസ്എംഎസ് വഴി പരീക്ഷാ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. പരീക്ഷാ സമയത്ത് ഇവരുടെ ഫോണിലേക്ക് 90ഓളം എസ്എംഎസുകള്‍ വന്നിരുന്നു. ഇതില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായും റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടന്നതായും നേരത്തെ ആരോപണമുണ്ടായിരുന്നു.