തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെഎം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിന്നും ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെട്ടേക്കുമെന്ന് സൂചന. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട്. രാസപരിശോധനാഫലം പോലീസിന് കൈമാറി.
അതേസമയം, പോലീസ് നിർദേശ പ്രകാരം ശ്രീറാമിന്റെ രക്തം ശേഖരിച്ചത് അപകടം നടന്ന് 10 മണിക്കൂറിനുശേഷമായിരുന്നു. മദ്യത്തിന്റെ അളവ് കണ്ടെത്താൻ കഴിയാത്തത് ഇതുമൂലമാണെന്നാണ് ആക്ഷേപം. ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് നിലനിൽക്കുമോ എന്ന കാര്യവും ഇതോടെ സംശയത്തിലായി. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാതെയാണ് റിമാന്റ് റിപ്പോർട്ട്. മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളെ കുറിച്ചും ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. രക്തം പരിശോധനക്ക് അയച്ച കാര്യവും റിപ്പോർട്ടിലില്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും.
മദ്യപിച്ചും സാഹസികമായും വാഹനം ഓടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിയാവുന്ന പ്രതിയെന്ന് മാത്രമാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കുറ്റം ചുമത്തിയിട്ടുമുണ്ട്. വഫ ഫിറോസിൽ നിന്ന് നിർബന്ധപൂർവമാണ് ശ്രീറാം വാഹനം വാങ്ങിയതെന്നും അമിതവേഗത്തിലാണ് ഓടിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുമുണ്ട്.
Discussion about this post