തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ റിമാന്റിലായ സർവെ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രോമ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ് ശ്രീറാം. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ശ്രീറാം വെങ്കിട്ടരാമന് ലഭ്യമാക്കാൻനടപടി എടുക്കുമെന്നാണ് വിവരം.
അതേസമയം, ശ്രീറാമിന് കാര്യമായ ബാഹ്യപരിക്കുകൾ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ആന്തരിക പരിക്കുകൾ ഉണ്ടോ എന്ന് അറിയാൻ സ്കാനിംഗ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മെഡിക്കൽ ബോർഡ് പറയുന്നു. അടുത്ത മെഡിക്കൽ ബോർഡ് യോഗം ചേരും വരെ ഐസിയുവിൽ തുടരുമെന്നാണ് റിപ്പോർട്ട്.
72 മണിക്കൂർ ശ്രീറാം വെങ്കിട്ടരാമനെ നിരീക്ഷണത്തിൽ വയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിലപാടെന്നും വിവരമുണ്ട്. ഡയാലിസിസ് വിധേയനായതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിലവിൽ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു.
Discussion about this post