മലപ്പുറം: ചാലക്കുടിക്ക് പിന്നാലെ മലപ്പുറം എടക്കരയില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്. കാരപ്പുറം, പേരൂപ്പാറ, കരിക്കുന്ന്, കക്കുളം ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വീശിയത്. വന്‍ നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. പല വീടുകള്‍ക്കും കേടുപാടകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മലപ്പുറത്ത് കാറ്റ് വീശിയത്. ഒരു മിനിറ്റോളം നീണ്ടു നിന്ന ചുഴലിക്കാറ്റ് ഒരു കോടി രൂപയുടെ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ 11.55നാണ് ചുഴലിക്കാറ്റുണ്ടായത്. ഇരുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ മേല്‍ക്കൂരകളിലെ ഷീറ്റുകള്‍ പറന്നുപോയി. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലെ തെങ്ങും കമുകും റബറും വാഴയും ഉള്‍പ്പെടെയുള്ള വിളകള്‍ നശിച്ചു. കാരപ്പുറം നെല്ലിക്കുത്ത് റോഡിലും കാരപ്പുറം പേരൂപ്പാറ റോഡിലും മരങ്ങള്‍ വീണു. മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടായി.
ലൈനും തൂണുകളും തകര്‍ന്നതിനാല്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കാരപ്പുറം സുന്നി ജുമാ മസ്ജിദിന്റെ തോട്ടത്തിലെ 240 റബര്‍ മരങ്ങളില്‍ 204 മരങ്ങളും നിലംപതിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെകെ അശോകന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സും ട്രോമാകെയര്‍ വൊളന്റിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് ഉച്ചയോടെയാണ് റോഡിലെ തടസ്സങ്ങള്‍ നീക്കിയത്.
Discussion about this post