തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ പാഞ്ഞ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് നടപടി എടുത്തേയ്ക്കുമെന്ന് സൂചന. സസ്‌പെന്‍ഷന്‍ ഉത്തരവ് ഇന്ന് വരുമെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹം ഇപ്പോള്‍ റിമാന്റില്‍ തുടരുകയാണ്. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ സര്‍വീസ് ചട്ടമനുസരിച്ച് 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്നാണ്. എന്നാല്‍ അതിന് താമസം വന്നിരുന്നു.
സാങ്കേതിക തടസം മൂലമായിരുന്നു നടപടി വൈകിയതെന്നാണ് നല്‍കുന്ന വിശദീകരണം. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്ന് അപകടം നടന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടപടി എടുത്തേയ്ക്കുമെന്ന സൂചന വരുന്നത്. അതേസമയം, ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടോ എന്ന കാര്യത്തില്‍ മെഡിക്കല്‍ പരിശോധനാ ഫലം ഇന്ന് ഔദ്യോഗികമായി പുറത്ത് വരും.
കൂടാതെ, ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. റിമാന്‍ഡിലായിട്ടും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്രറൂമില്‍ തുടരുകയായിരുന്ന ശ്രീറാമിനെ ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടോടെ ആശുപത്രിയിലെത്തിയ മ്യൂസിയം പോലീസ് ആശുപത്രി ആംബുലന്‍സില്‍ ശ്രീറാമിനെ പൂജപ്പുര സബ് ജയിലിലെത്തിക്കുകയായിരുന്നു.
Discussion about this post