തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളെജിലെ പോലീസ് സെല്ലിലേക്ക് മാറ്റി. ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൂടാതെ, ശ്രീറാമിന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കെമിക്കല്‍ എക്സാമിനര്‍ നാളെ രാവിലെ റിപ്പോര്‍ട്ട് കൈമാറും.
അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന് ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.
അതേസമയം, കേസില്‍ വെങ്കിട്ടരാമന് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകും.
Discussion about this post