ചാലക്കുടിയില്‍ ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം

തൃശ്ശൂര്‍: ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. പത്ത് മിനിറ്റോളം നീണ്ട് നിന്ന കാറ്റില്‍ നിരവധിവീടുകളാണ് തകര്‍ന്നത്. നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.

ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ റോഡിലും സൗത്ത് ജങ്ഷനിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കനത്തമഴയോടുകൂടി ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. പല ഭാഗത്തും മരങ്ങള്‍ വീണു. കാറ്റില്‍ വൈദ്യുതി ലൈനുകള്‍ക്ക് കേട് പറ്റിയതോടെ പല ഭാഗത്തും വൈദ്യുതി ലഭ്യത താറുമാറായി. വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടകള്‍ക്ക് മുന്നില്‍ വില്‍പനക്ക് വച്ചിരുന്ന വസ്തുക്കള്‍ പറന്നു പോയി.

ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്താകെ ആഞ്ഞടിക്കുകയായിരുന്നു. പത്ത് മിനിറ്റോളം നീണ്ട് നിന്ന കാറ്റില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. അതേസമയം ആളപായമില്ല.കാറ്റില്‍ കടപുഴകി വീണ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Exit mobile version