കോട്ടയം : മാവേലിക്കരയിലെ സിവില്‍ പോലീസുകാരി സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജാസിനെതിരെ വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ് ഇന്ദിര. സൗമ്യയെ കൊല്ലാന്‍ മുമ്പം അജാസ് ശ്രമിച്ചിരുന്നെന്നും ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നര ലക്ഷം രൂപ അജാസില്‍ നിന്നും കടം വാങ്ങിയിരുന്നു. ഈ പണം തിരികെ കൊടുത്തിട്ടും അജാസ് വാങ്ങാന്‍ തയ്യാറായില്ലെന്നും മാതാവ് വെളിപ്പെടുത്തി. ഈ തുക അജാസിന് നല്‍കാനായി കഴിഞ്ഞയാഴ്ച അമ്മയ്ക്കൊപ്പം സൗമ്യ കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ ഈ തുക വാങ്ങാന്‍ തയ്യാറായില്ല. ഇരുവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ട് ചെന്നാക്കിയതും അജാസ് തന്നെയാണെന്ന് പോലീസ് പറയുന്നു.
അതേസമയം, കൊലപാതകത്തിനുള്ള കാരണം അജാസ് സൗമ്യയോട് നടത്തിയ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമാണെന്ന് പോലീസ് കണ്ടെത്തി. സൗമ്യയ്ക്ക് അജാസില്‍നിന്ന് നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്റെയും മൊഴിയുണ്ട്. അജാസ് നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജാസാണ് കാരണം എന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പോലീസിനോട് പറയാന്‍ പറഞ്ഞിരുന്നുവെന്നുമാണ് മകന്റെ മൊഴി.
സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
Discussion about this post