വാഷിങ്ടണ്‍: ഒന്‍പതു മാസമായ ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വയര്‍ കീറി കുഞ്ഞിനെ പുറത്തെടുത്ത് കൈവശപ്പെടുത്തിയ യുവതിയും മകളും പുരുഷ സുഹൃത്തും അറസ്റ്റില്‍. അമേരിക്കയിലെ ഷിക്കാഗോയിലാണ് ദാരുണ സംഭവം. ക്ലാരിസ ഫിഗറോവ(46), മകള്‍ ഡിസൈറീ ഫിഗറോവ(24),ക്ലാരിസയുടെ പുരുഷസുഹൃത്ത് പിയോട്ടര്‍ ബോബാക്ക് എന്നിവരാണ് അറസ്റ്റിലായത്.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മാര്‍ലെന്‍ ഒച്ചോവ ലോപെസ് എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ക്ലാരിസയ്ക്കും ഡിസൈറിക്കും മേല്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം മറച്ചുവെച്ച കുറ്റമാണ് പിയോട്ടറിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 23 മൂന്നുമണിയോടെയാണ് വിദ്യാര്‍ത്ഥിയും പൂര്‍ണ്ണ ഗര്‍ഭിണിയുമായ മാര്‍ലെനെ കാണാതാകുന്നത്.
സംഭവം ഇങ്ങനെ;
സ്‌കൂളില്‍നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് മാര്‍ലെനിനെ കാണാതായത്. അന്നു വൈകിട്ട് മാര്‍ലെന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. മാര്‍ലെന്റെ മൂന്നുവയസ്സുകാരനായ മകനെ പരിചരിക്കുന്ന ഡേ കെയര്‍ സെന്ററില്‍ നിന്നായിരുന്നു ആ ഫോണ്‍. മകനെ വിളിക്കാന്‍ മാര്‍ലെന്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് ഡേ കെയര്‍ സെന്റര്‍ അധികൃതര്‍ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതോടെ മാര്‍ലെനിനായുള്ള അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ തന്നെ മാര്‍ലെനെ കണ്ടെത്തി. തെക്കു പടിഞ്ഞാറന്‍ ഷിക്കാഗോയിലെ ഒരു വീടിനു സമീപത്തെ മാലിന്യവീപ്പയില്‍നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍. എല്ലാ പരിശോധനയിലും അവള്‍ തന്നെയെന്ന് തെളിയുകയായിരുന്നു.
തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധിയാളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ക്ലാരിസയുടെ വീടിനു പരിസരത്തെ മാലിന്യവീപ്പയില്‍ നിന്നായിരുന്നു മാര്‍ലെന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഇത് സംശയം ബലപ്പെടുത്തി. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് മാര്‍ലെന്‍ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തന്റെ പ്രസവ തീയതി അടുത്തിരിക്കുകയാണെന്നും കുഞ്ഞിന് ആവശ്യമായ പല വസ്തുക്കളും തനിക്ക് വാങ്ങാന്‍ മാര്‍ഗമില്ലെന്നും അതിനാല്‍ ആവശ്യമായ വസ്തുക്കള്‍ തന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കുറിപ്പാണ് പങ്കുവെച്ചത്. ഇതു കണ്ടാണ് ക്ലാരിസ മാര്‍ലെനന് സന്ദേശം അയച്ചത്.
മകളുടെ കുഞ്ഞിന് ധാരാളം വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവ തരാമെന്നുമായിരുന്നു ക്ലാരിസ് മാര്‍ലെനെന് സന്ദേശമയച്ചത്. യുവതി അതില്‍ വിശ്വസിക്കുകയും ചെയ്തു. കൂടാതെ ഗ്രൂപ്പില്‍നിന്നു മാറി സ്വകാര്യമായി തനിക്ക് സന്ദേശങ്ങള്‍ അയക്കാനും ക്ലാരിസ് നിര്‍ദേശം നല്‍കി. ഇപ്രകാരം ക്ലാരിസിന്റെ വിലാസം ലഭിച്ച മാര്‍ലെന്‍ അവരുടെ വീട്ടിലെത്തി. വീട്ടിലെത്തിയ മാര്‍ലെനെ ക്ലാരിസ കഴുത്തില്‍ കുരുക്കുമുറുക്കി കൊലപ്പെടുത്തുകയും ശേഷം വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തി. ആണ്‍കുഞ്ഞായിരുന്നു മാര്‍ലെന്റെ ഉദരത്തിലുണ്ടായിരുന്നത്. കൊലപാതകത്തിന് ക്ലാരിസയെ സഹായിച്ചതായി ഡിസൈറി പോലീസിനോട് പറഞ്ഞു.
ഫേസ്ബുക്ക് ഗ്രൂപ്പിലെ സംഭാഷണത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകം തെളിയാന്‍ ഇടയാക്കിയത്. മാര്‍ലെനെ കൊലപ്പെടുത്തി കുഞ്ഞിനെ കൈവശപ്പെടുത്തിയ ശേഷം അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് ക്ലാരിസ് ഷിക്കാഗോയിലെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് വിളിച്ചിരുന്നു. പത്തു മിനുട്ടിനു മുമ്പ് താന്‍ പ്രസവിച്ച കുഞ്ഞ് ജീവനു വേണ്ടി പോരാടുകയാണെന്നും സഹായിക്കണമെന്നുമായിരുന്നു ക്ലാരിസ് പറഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍മാരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ലെനെ കാണാതായ അതേദിവസമാണ് ക്ലാരിസിന്റെ സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വന്നതെന്ന് അന്വേഷണത്തിനിടെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് മാര്‍ലെന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് കൊലപാതകികളുടെ ചിത്രം തെളിഞ്ഞത്.
കൊലപ്പെടുത്താനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. ഒരു പക്ഷേ ക്ലാരിസിന് സ്വന്തം കുഞ്ഞായി വളര്‍ത്താനാകാം എന്ന നിഗമനത്തിലാണ് പോലീസ്. മാര്‍ലെന്റെ കുഞ്ഞിനെ അവളുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. നിലവില്‍ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. കുഞ്ഞിന്റെ തലച്ചോര്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും മാര്‍ലെന്റെ കുടുംബം പറയുന്നു.