കെവിന്‍ വധക്കേസ്; സാക്ഷികളെ ഇന്ന് വിസ്തരിക്കും

കെവിന്‍ വധക്കേസിലെ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. മുഖ്യസാക്ഷി അനീഷിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ സന്തോഷ്, ബാബു പി ദേവസ്യ, ബെന്നി, സിബി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. ഫ്ലോറല്‍ പാര്‍ക്ക് ജീവനക്കാരായ ഒന്‍പതാം സാക്ഷി റോയി ജനാര്‍ദ്ദനന്‍, 13ാം സാക്ഷി പ്രവീണ്‍ പ്രസന്നന്‍ എന്നിവരെയും പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും.

എന്നാല്‍ കെവിനെ തട്ടിക്കൊണ്ട് പോകുമെന്ന വിവരം നേരെത്തെ അറിയാമായിരുന്നുവെന്ന് മൊഴി നല്‍കിയ കേസിലെ 28ാം സാക്ഷി അബിന്‍ പ്രദീപ് ഇന്നലെ കൂറുമാറിയിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പടെ അറിഞ്ഞിരുന്നെന്നാണ് അബിന്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെ വിചാരണയ്ക്കിടെ ഈ മൊഴി അബിന്‍ മാറ്റിപ്പറയുകയായിരുന്നു. രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കെവിന്‍ വധക്കേസില്‍ ഏഴാം സാക്ഷി ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു ഒന്നാം പ്രതി ഉള്‍പ്പടെ പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.

നീനു കെവിനുമായുള്ള വിവാഹ ശേഷം താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരന്‍ ബെന്നി ജോസഫും കോടതിയില്‍ മൊഴി നല്‍കി. കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലില്‍ എത്തിച്ചതെന്നും ഒരു വര്‍ഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും സാക്ഷി ബെന്നി വ്യക്തമാക്കി. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലില്‍ വന്നെന്നും ബെന്നി പറഞ്ഞു. നീനുവിനെ കൈമാറിയാല്‍ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികള്‍ പറഞ്ഞതായും സന്തോഷ് ബെന്നിയെ അറിയിച്ചിരുന്നു. എന്നാല്‍ കെവിനോ അനീഷോ നേരിട്ട് എത്താതെ നീനുവിനെ പുറത്തു വിടില്ലെന്ന് പറഞ്ഞതായാണ് ബെന്നിയുടെ മൊഴി. ഗാന്ധിനഗര്‍ പോലീസ് പിന്നീട് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ആറാം സാക്ഷി വ്യക്തമാക്കി.

2018 മെയ് 24നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് മെയ് 27ന് നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് മെയ് 28ന് കോട്ടയത്തെ ചാലിയേക്കരയാറില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 186 സാക്ഷികളാണുള്ളത്.

Exit mobile version