പ്ലസ്ടു പരീക്ഷയില്‍ കൂട്ടത്തോല്‍വി; വിദ്യാര്‍ത്ഥികളുടെ മരണസംഖ്യ 20 കടന്നു

കൂട്ടത്തോല്‍വിക്ക് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇടപെടലുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ പരീക്ഷാഫലങ്ങള്‍ കംപ്യൂട്ടറിലാക്കിയ കമ്പനി തങ്ങളുടെ ഭാഗത്തു വീഴ്ചയൊന്നും സംഭവിച്ചില്ലെന്നു വ്യക്തമാക്കി

ഹൈദരാബാദ്: തെലുങ്കാനയില്‍ പ്ലസ്ടു പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ മരണസംഖ്യ 20 കടന്നു. 24 മണിക്കൂറിനുള്ളിലാണ് മുഴുവന്‍ ആത്മഹത്യകളും നടന്നത്. ഒമ്പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ മൂന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷധം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ ഇന്‍ര്‍ മീഡിയറ്റ് ബോര്‍ഡിന് മുന്നില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും എബിവിപി ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം നടത്തുകയാണ്. തോറ്റുപോയ മുഴുവന്‍ കുട്ടികളുടെയും ഉത്തരകടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കൂടാതെ ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍മീഡിയറ്റ് പരീക്ഷാഫലത്തില്‍ ഇത്രയധികം വീഴ്ച വരുത്തിയത്തിന് ബോര്‍ഡ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ ഉടനെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ജഗ്ദീഷ് റെഡ്ഡി രാജിവെക്കണമെന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്.

വിഷയത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി കേട്ട ശേഷം തോറ്റ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തിന് എത്ര സമയം വേണ്ടി വരുമെന്ന് തിങ്കളാഴ്ചക്കകം അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂട്ടത്തോല്‍വിക്ക് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇടപെടലുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ പരീക്ഷാഫലങ്ങള്‍ കംപ്യൂട്ടറിലാക്കിയ കമ്പനി തങ്ങളുടെ ഭാഗത്തു വീഴ്ചയൊന്നും സംഭവിച്ചില്ലെന്നു വ്യക്തമാക്കി.

Exit mobile version