പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റെ മരണത്തില്‍ പുതിയ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത്. പോലീസ് നടപടിയാണ് ശിവദാസന്റെ മരണത്തിന് പിന്നില്‍ എന്നായിരുന്നു ബിജെപിയുടെ വാദം എന്നാല്‍ ഇത് പൊളിച്ചടുക്കിയതോടെ പുതിയ തന്ത്രവുമായി ഇവര്‍ രംഗത്തെത്തുകയാണ്.
ശിവദാസിന്റെ മകന്‍ 17 എന്ന തിയതി വെച്ച് പരാതി നല്‍കാനുള്ള കാരണം പോലീസിന്റെ ഭീഷണി ആണ് എന്നാണ് പുതിയ ആരോപണം. ഒക്ടോബര്‍ 17 ന് തിയതി വെച്ച് പരാതി നല്‍കിയാല്‍ സംഘര്‍ഷങ്ങളില്‍ പ്രതി ചേര്‍ക്കുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയത് കാരണമാണ് ബന്ധുക്കള്‍ പരാതി 19 ലേക്ക് മാറ്റിയതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം കേസ് അട്ടിമറിക്കാനാണ പോലീസ് ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
‘കഴിഞ്ഞ പതിനേഴാം തിയ്യതി മുതല്‍ കാണാതായ ശിവദാസന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലാണ് പ്ലാപ്പള്ളി വനത്തില്‍ നിന്നും കണ്ടെടുത്തത്. അയ്യപ്പന്റെ ചിത്രം വെച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പോലീസ് അക്രമിച്ചതും അടിച്ചു കൊന്നതും. ശിവദാസിനെ കാണാതായ നാള്‍ മുതല്‍ ഈ കേസ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം എന്ന് നേരത്തെ തന്നെ ബിജെപി ആവശ്യപ്പെട്ടിരുന്നു.
ജഡം കിട്ടിയതോടെ ബിജെപി ഉന്നയിച്ച സംശയങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ ഇനി ഒട്ടും അമാന്തിക്കരുത്. അയ്യപ്പഭക്തന്റെ അരുംകൊലയുടെ ഉത്തരവാദിതത്തില്‍ നിന്നും പൊലീസിലെ ക്രിമിനലുകളെ കയറൂരിവിട്ട് പിണറായി വിജയന് കൈകഴുകാന്‍ ആവില്ല. എത്രയുംവേഗം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും’ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍ 18ന് രാവിലെയാണെന്ന് മകന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായും പന്തളം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.