മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരവിനോദം; പശുക്കിടാവിന്റെ വായ് കൂട്ടിക്കെട്ടി വാല്‍ മുറിച്ച മരത്തില്‍ കെട്ടി തൂക്കി

കയറിട്ടു വായ് ഭാഗം മുറുക്കി കെട്ടിയതിന് ശേഷമാണ് അക്രമികള്‍ പശുവിന്റെ വാല്‍ മുറിച്ച് മാറ്റിയത്. തുടര്‍ന്ന് വാല്‍ അടുത്തുള്ള മരത്തില്‍ തൂക്കിയിടുകയും ചെയ്തു

കുറിച്ചി: കുറിച്ചിയില്‍ സാമൂഹിക വിരുദ്ധര്‍ പശുവിന്റെ വാല്‍ മുറിച്ചു. കുറിച്ചി ഔട്ട് പോസ്റ്റ് കവലയില്‍ ടെസിയുടെ ഒരു വയസു പ്രായമായ മിന്നു എന്ന പശുക്കിടാവാണ് ആക്രമണത്തിനിരയായത്. കയറിട്ടു വായ് ഭാഗം മുറുക്കി കെട്ടിയതിന് ശേഷമാണ് അക്രമികള്‍ പശുവിന്റെ വാല്‍ മുറിച്ച് മാറ്റിയത്. തുടര്‍ന്ന് വാല്‍ അടുത്തുള്ള മരത്തില്‍ തൂക്കിയിടുകയും ചെയ്തു.

ടെസിയും അമ്മയും ചെറിയ മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. വിഷുവിന്റെ തലേന്ന് ടെസിയും മകളും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയിരുന്നു. അന്നു രാത്രിയിലാണ് സമീപത്തെ പഞ്ചായത്ത് മൈതാനത്ത് കെട്ടിയിരുന്ന പശുക്കിടാവിനെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചത്. രാവിലെയാണ് വീട്ടുകാര് വിവരം അറിഞ്ഞത്. ഉടന്‍ തന്നെ മൃഗഡോക്ടറെ എത്തിച്ച് ചികിത്സ നല്‍കി.

മുറിഞ്ഞ ഭാഗത്ത് തുന്നലുമിട്ടു. സംഭവത്തില്‍ ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്ജിതമാക്കി.ഇവരുടെ വീടിനു സമീപത്തെ പഞ്ചായത്ത് മൈതാനം സ്ഥിരം മദ്യപന്മാരുടെയും മയക്കുമരുന്ന് ഉപഭോക്താക്കളുടെയും കേന്ദ്രമാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Exit mobile version