ബിശ്വനാഥ്: കഴിഞ്ഞ ദിവസം അസമില്‍ ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം വൃദ്ധനെ ക്രൂരമായി ആക്രമിക്കുകയും പന്നിയിറച്ചി കഴിപ്പിക്കുകയു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലി. ബീഫ് വിറ്റു എന്നാരോപിച്ച് തന്നെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതും ശരീരത്തിനേറ്റ മുറിവും സഹിക്കാമെന്നും പക്ഷേ തന്നെ കൊണ്ട് പന്നിയിറച്ചി കഴിപ്പിച്ചതും മനസിനേറ്റ മുറിവും സഹിക്കാനാവുന്നില്ല ഷൗക്കത്ത് അലി പറഞ്ഞു.
ആക്രമികള്‍ ആരോപിക്കുന്നത് പോലെ തന്റെ കൈയില്‍ ബീഫ് ഉണ്ടായിരുന്നില്ലെന്നും സംഭവ ദിവസം ബ്രോയിലര്‍ ചിക്കനും മത്സ്യവും മാത്രമാണ് കടയില്‍ ഉണ്ടായിരുന്നതെന്ന് ഷൗക്കത്ത് അലി പറഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ബിസ്‌നാഥ് ജില്ലയില്‍ കച്ചവടം നടത്തുന്ന ആളാണ് 68കാരനായിരുന്ന വൃദ്ധന്‍. അതേസമയം ആക്രമികള്‍ കരുതിക്കൂട്ടി പ്ലാന്‍ ചെയ്തതാണെന്നാണ് അലി പറയുന്നത്.
വൃദ്ധനെ ആക്രമിച്ചതിന് പുറമേ കടയിലെ പാത്രങ്ങളും ഗ്യാസ് അടുപ്പുകളും നശിപ്പിച്ചു. വലിയ വടികളുപയോഗിച്ചായിരുന്നു വൃദ്ധനെ മര്‍ദ്ദനത്തിനിരയാക്കിയത്. മാര്‍ക്കറ്റിന്റെ ഒരു മൂലയിലേക്ക് വലിച്ചു കൊണ്ടുപോയിട്ടായിരുന്നു മര്‍ദ്ദനം. നിനക്ക് ബീഫ് വില്‍ക്കാന്‍ ആരാണ് അനുമതി തന്നത് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് അദ്ദേഹം പറയുന്നു. ‘ഞങ്ങള്‍ പോത്തിറച്ചി വില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അത് കഴിക്കുന്നത് മുസ്ലീങ്ങളാണ്. ഹിന്ദുക്കള്‍ അത് കഴിക്കാറില്ല- അലി പറഞ്ഞു.
ഷൗക്കത്ത് അലിയെ ആള്‍ക്കൂട്ടം വിചാരണ ചെയ്യുന്നതും ആക്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചിരുന്നത്. ‘നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോ. നിങ്ങള്‍ ബംഗ്ലാദേശിയാണോ. നിങ്ങളുടെ പേര് പൗരത്വ പട്ടികയിലുണ്ടോ’- എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു അലിയെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമിച്ചത്.