ഗുഡ്ഗാവ്: ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി വ്രതം നോറ്റ ഭാര്യയെ അന്നേദിവസം തന്നെ കൊലപ്പെടുത്തി ഭര്‍ത്താവിന്റെ ക്രൂരത. ഭാര്യയെ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍നിന്നു താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഫരീദാബാദിലെ അന്‍സല്‍ വാലി വ്യൂ സൊസൈറ്റിയിലാണു സംഭവം.
ബാങ്ക് ഉദ്യോഗസ്ഥയായ ദീപിക് ചൗഹാനെ(32)യാണു വിക്രം ചൗഹാന്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു കര്‍വ ചൗത്. അന്നു വൈകിട്ട് ദീപികയും വിക്രമും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നു പോലീസ് പറയുന്നു. വിക്രം അതേ ഫ്‌ളാറ്റിലെ തന്നെ വിവാഹിതയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു. അവര്‍ ഇടയ്ക്കിടെ വിക്രമിന്റെ ഫ്‌ളാറ്റിലും ചെല്ലാറുണ്ടായിരുന്നു. ഇതേച്ചൊല്ലി ദീപികയുമായി വഴക്കും പതിവായിരുന്നുവെന്നു പിതാവ് അഹൂജ പറഞ്ഞു.
ദീപികയെ വിക്രം മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നു ദീപികയെ വിക്രം തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിക്രമും ദീപികയും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവര്‍ക്ക് നാലു വയസ്സുള്ള മകളും ആറുമാസം പ്രായമുള്ള മകനുമുണ്ട്. അറസ്റ്റു ചെയ്ത വിക്രമിനെ രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു.