മേലുകാവ്: 500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ബൈക്കിന്റെ താക്കോലുപയോഗിച്ച് സുഹൃത്തിന്റെ കണ്ണില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മേലുകാവ് മറ്റത്തിപ്പാറ നരിക്കുന്നേല്‍ ജിന്റോയെ പോലീസ് അറസ്റ്റു ചെയ്തു. മേയ് എട്ടിനാണ് മറ്റത്തിപ്പാറ പുളിക്കപ്പാറ മുരളീധരന്‍ നായര്‍ കൊല്ലപ്പെട്ടത്. മുരളീധരന്‍ നായര്‍ ജിന്റോയ്ക്ക് കടം നല്‍കിയ 500 രൂപ തിരികെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബൈക്കിന്റെ താക്കോലുപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.
മര്‍ദനത്തിനിടെ നിലത്തുവീണ മുരളീധരന്‍ നായരുടെ തലയ്ക്ക് സാരമായ പരുക്കേറ്റു. മദ്യലഹരിയിലായിരുന്ന മുരളീധരന്‍ നായരെ നാട്ടുകാര്‍ ആശുപത്രിയിലും പിന്നീട് വീട്ടിലുമെത്തിച്ചു. പിറ്റേന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരളീധരന്‍ നായര്‍ മരിച്ചതിനെത്തുടര്‍ന്ന് ജിന്റോ മൂന്നാറില്‍ ഒളിവിലായിരുന്നു. ജിന്റോ ഇല്ലിക്കലിലെ റിസോര്‍ട്ടില്‍ ജോലിക്കു കയറിയ വിവരം ലഭിച്ച പോലീസ്, എസ്‌ഐ കെസി സന്ദീപിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജിന്റോയെ റിമാന്‍ഡ് ചെയ്തു